Your Image Description Your Image Description
മലപ്പുറം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര് ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി മുന്നോട്ടു പോവാന് കഴിയുന്ന രൂപത്തിലുള്ള അനുഭവ ഭേദ്യമായ പഠന രീതിയിലാണ് അടുത്ത വര്ഷം മുതല് കോളേജുകളിലെ പുതിയ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഒഴൂർ വെട്ടുകൂളത്ത് നിര്മിക്കുന്ന താനൂര് ഗവ. കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉല്പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണപരമായ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സര്ക്കാര്.
നൈപുണികതയ്ക്ക് പ്രാധാന്യം നല്കുക, പഠിക്കുമ്പോള് തന്നെ തൊഴിലിനും ആഭിമുഖ്യം നല്കുക, പ്രായോഗിക പരിശീലനത്തിലൂടെ കാര്യങ്ങള് ഗ്രഹിക്കുക, കാര്യശേഷിയും കര്മ്മകുശലതയും മെച്ചപ്പെടുത്താന് വിദ്യാര്ഥികളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ഡസ്ട്രി ഓണ് ക്യാംപസ് അടക്കമുള്ള നിരവധി പദ്ധതികളാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് നടന്നു വരുന്നത്. സൈദ്ധാന്തികമായ അറിവുകളെ പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടു വരുന്ന രീതിയിലുള്ള പ്രവര്ത്തനങ്ങള് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള് ഏറ്റെടുത്തു വരികയാണ്.
നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സര്ക്കാര് മുന്നോട്ടു വെക്കുന്ന പ്രഥമമായ ആശയമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്മാണം ദ്രുതഗതിയില് പൂര്ത്തിയാക്കി അടുത്ത അധ്യയന വര്ഷം തന്നെ ക്ലാസുകള് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുമെന്ന് മന്ത്രി അധ്യക്ഷ പ്രസംഗത്തില് പറഞ്ഞു. ശിലാഫലക അനാച്ഛാദനവും ചടങ്ങില് വെച്ച് മന്ത്രി വി. അബ്ദുറഹിമാന് നിര്വഹിച്ചു.
തീരദേശ വികസന കോർപ്പറേഷൻ ജനറൽ മാനേജർ ബേബി ഷീജ കോഹൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്‌ടർ വി.ആർ.വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ യൂസഫ് കൊടിയേങ്ങൽ (ഒഴൂർ), കെ.എം. മല്ലിക ടീച്ചർ (താനാളൂർ), ഹാജറ കുണ്ടിൽ (പൊന്മുണ്ടം), ഇസ്മായിൽ പുതുശ്ശേരി (നിറമരുതൂർ), ഷംസിയ സുബൈർ (ചെറിയമുണ്ടം), താനൂർ നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ധീൻ, താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്‌ദുൽ റസാഖ്, ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന പാലേരി, ഒഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങളായ കെ.പി. രാധ , എ . സവിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ: വി. പി സറിൻ സ്വാഗതവും ഒഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌കർ കോറാട് നന്ദിയും പറഞ്ഞു.
സ്ഥലമേറ്റെടുപ്പിനുള്ള 6.9 കോടി ഉൾപ്പടെ 26.28 കോടിരൂപ കി ഫ്ബി ഫണ്ട് വിനിയോഗിച്ചാണ് കോളേജിനായി കെട്ടിടം നിര്മിക്കുന്നത്. 5.4 ഏക്കർ ഭൂമിയിൽ തീരദേശ വികസന കോർപറേഷന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നിര്മാണം കഴിയുന്നതോടെ കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിലെ ആദ്യത്തെ ഹരിത പ്രോട്ടോകോൾ ക്യാമ്പസായി മാറും താനൂർ ഗവ. കോളേജ്. ഭൂമിയിൽ നിലവി ലുള്ള പഴയ വീടും കുളവും നിലനിർത്തിയാണ് നിർമാണം നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടര കോടി രൂപ വിനിയോഗിച്ചുള്ള ചുറ്റുമതിൽ, ഗേറ്റ്, കുളം നവീകരണം തുടങ്ങിയ പ്രവൃത്തികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കോളേജിലേക്കുള്ള വഴി വി തികൂട്ടാൻ വേണ്ട ഭൂമി ക്കൽ നടപടികളും പൂർത്തിയായി. 18 മാസങ്ങൾക്കകം അക്കാദമിക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്കുകളുടെ നിർമാണം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *