Your Image Description Your Image Description

ഹിമാചല്‍ പ്രദേശ്: ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍ ക്രോസ് വോട്ട് ചെയ്തു എന്ന് ഹിമാചല്‍ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒന്‍പത് എംഎല്‍എമാര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും മനു അഭിഷേക് സിങ്‌വി. തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി. കോണ്‍ഗ്രസ് നേതൃത്വത്തിനു നന്ദി. 9 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. ഇന്നലെ തനിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ച് ഫോട്ടോ എടുത്തവരാണ് ക്രോസ് വോട്ട് ചെയ്തത്. നടപടി അത്യന്തം ദൗര്‍ഭാഗ്യകരം. മനുഷ്യ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച എംഎല്‍എമാര്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റിലും ബിജെപി വിജയിച്ചതിന് പിന്നാലെയാണ് സിങ്‌വിയുടെ പ്രതികരണം. 68 എംഎല്‍എമാരില്‍ 40 പേരുമായി കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമുണ്ടായിട്ടും, മനു അഭിഷേക് സിങ്‌വി ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജനോട് പരാജയപ്പെട്ടു. 34 വോട്ടുകള്‍ നേടി ഇരു സ്ഥാനാര്‍ത്ഥികളും സമനിലയിലെത്തി. ഇതോടെ നറുക്കെടുപ്പ് നടത്തി വിജയിയെ തീരുമാനിക്കുകയായിരുന്നു. ഈ ഫലത്തില്‍ നിന്ന് വ്യക്തമാണ് 9 എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തുവെന്ന്. നിലവില്‍ കോണ്‍ഗ്രസിന് 40-തും ബിജെപിക്ക് 25-ഉം മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമാണ് 68 അംഗ ഹിമാചല്‍ നിയമസഭയിലുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂർ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *