Your Image Description Your Image Description
ആലപ്പുഴ: വരട്ടാറിന്റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ എല്ലാ സഹകരണവും ഇതിന് ഉറപ്പാക്കും. വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വരട്ടാർ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി പാലങ്ങൾ യാഥാർത്ഥ്യമായതോടെ പ്രദേശത്തെ
റോഡ് കണക്ടിവിറ്റി പ്രശ്നത്തിന് ശാശ്വത പരിഹരമാകും. ചെങ്ങന്നൂർ നിയോജകമണ്ഡ‌ലത്തിലെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെയും ആറൻമുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു വരട്ടാറിനു കുറുകെ ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതുക്കുളങ്ങര പാലം.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത് പോലുള്ള ആവശ്യങ്ങൾക്ക് ഇതിലൂടെ പരിഹാരമായി. എട്ട് പാലങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 2018 പ്രളയാനന്തരമാണ് വരട്ടയാർ നദിയുടെ പുനരുജ്ജീവനം പ്രധാന വിഷയമായി വന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. 13.40 കിലോമീറ്ററാണ് ആദി പമ്പ- വരട്ടയാർ നദിയുടെ നീളം.
പമ്പ, മണിമലയാർ, അച്ചൻകോവിലാർ നദികൾ കരകവിയുമ്പോൾ വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ്. 1600 ക്യൂബിക് വെള്ളം കടത്തിവിടേണ്ട തോട്ടപ്പള്ളിയിൽ 600 ക്യൂബിക് വെള്ളം മാത്രമാണ് കടത്തിവിടാൻ സാധിക്കുമായിരുന്നത്.
മണ്ണും എക്കലും ചെളിയും മാറ്റുന്നതിന് സർക്കാർ തീരുമാനം കൈക്കൊണ്ടതിൻ്റെ ഭാഗമായി ഒരു കോടി ഘന മീറ്റർ മാലിന്യം കേരളത്തിലെ തോടുകളിൽ നിന്നും നദികളിൽ നിന്നും നീക്കം ചെയ്തു. ഇതിലൂടെ വലിയ രീതിയിൽ വെള്ളം കടന്നുപോകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കാനായതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *