Your Image Description Your Image Description

ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയുമായിരിക്കും. കരളിനെ ബാധിക്കുന്ന രോഗമാണിത്. കരളില്‍ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയെന്ന് ലളിതമായി പറയാം. ഇത് ഇന്ന് ധാരാളം പേരില്‍ കണ്ടെത്തുന്നുണ്ട്. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളും തന്നെയാണ് ഫാറ്റി ലിവര്‍ കേസുകള്‍ ഉയര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഫാറ്റി ലിവര്‍ രോഗമാണെങ്കില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് വലിയ അപകടവുമാണ്. കാരണം ഇത് പിന്നീട് കരളിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായ രീതിയില്‍ ബാധിക്കുകയും അത് ജീവന് വരെ ഭീഷണിയാകുന്ന നിലയിലേക്ക് ആവുകയുമെല്ലാം ചെയ്യാം.

പക്ഷേ ഫാറ്റി ലിവര്‍ ഉള്ളതായി ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടുന്ന ഉടനെ തന്നെ പേടിക്കേണ്ടതോ അമിതമായി ആശങ്കപ്പെടേണ്ടതോ ഇല്ല. ഒന്നാമതായി, ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് ധാരാളം പേരില്‍ ബാധിക്കപ്പെടുന്നുണ്ട്. രണ്ടാമതായി ഇതിന് ചികിത്സയും അതുപോലെ ജീവിതരീതികളില്‍ മാറ്റം വരുത്താവുന്നതും ആണ്.

പലര്‍ക്കും നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആണെങ്കില്‍ (മദ്യപാനം മൂലമല്ലാതെ ഫാറ്റി ലിവര്‍ ബാധിക്കപ്പെടുന്നത്) ചികിത്സ പോലും ആവശ്യമായി വരാറില്ല, ഭക്ഷണരീതിയിലും ജീവിതരീതിയിലും മാറ്റങ്ങള്‍ വരുത്തുന്നതോടെ തന്നെ കരളില്‍ അടിഞ്ഞുപോയ കൊഴുപ്പ് നീക്കം ചെയ്യാവുന്നതാണ്.
ഇതിന് തന്നെയാണ് ഫാറ്റി ലിവറുണ്ടെന്ന് കണ്ടാല്‍ ഫോക്കസ് നല്‍കേണ്ടത്. മരുന്ന് വേണോ, അതോ ജീവിതരീതികളില്‍ മാറ്റം വരുത്തണോ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. ഇതനുസരിച്ച് ചെയ്ചതാല്‍ മതി.

പൊതുവില്‍ ഫാറ്റ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക, ഷുഗര്‍ കുറയ്ക്കുക, ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവയെല്ലാമാണ് ശ്രദ്ധാപൂര്‍വം ചെയ്യേണ്ട കാര്യങ്ങള്‍. മദ്യപാനമുള്ളവരാണെങ്കില്‍ ഇതുപേക്ഷിക്കുകയോ വല്ലപ്പോഴും മിതമായ അളവില്‍ എന്ന നിലയിലേക്ക് മാറുകയോ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

ചില ഭക്ഷണങ്ങള്‍ ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുന്നതാണ് നല്ലത്. പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്. ആന്‍റി-ഓക്സിഡന്‍റ്സ് ധാരാളമായി അടങ്ങിയ ബെറികള്‍, ഗ്രീൻ ടീ, നട്ട്സ് പോലുള്ളവ നല്ലതാണ്. ഇവയെല്ലാം കരളിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരഭാരം ആരോഗ്യകരമായി സൂക്ഷിക്കുന്നതിനും ഒരുപോലെ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *