Your Image Description Your Image Description

നമ്മുടെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്.

ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ അതിനായി സപ്ലിമെന്‍റ്സ് കഴിക്കാവുന്നതാണ്. വൈറ്റമിൻ സപ്ലിമെന്‍റുകള്‍ പല ധാതുക്കള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്‍റുകളെല്ലാം ഇതുപോലെ എടുക്കുന്നവരുണ്ട്. എന്നാല്‍ സപ്ലിമെന്‍റ്സ് എടുക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്.

ഇങ്ങനെ കാത്സ്യം, അയേണ്‍ സപ്ലിമെന്‍റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ സപ്ലിമെന്‍റ്സ് എടുക്കുമ്പോള്‍ ഇത് ഒന്നിച്ച് തന്നെ കഴിക്കാതിരിക്കുക. ഓരോന്ന് കഴിച്ച് ഇടവേളയെടുത്ത് അടുത്തത് കഴിക്കുക.

ഇവ ഒന്നിച്ച് കഴിച്ചാലും ശരീരത്തിന് ദോഷമൊന്നുമില്ല. പക്ഷേ ഇവയുടെ ഗുണം പൂര്‍ണമായി കിട്ടാൻ, ഇവ ശരീരം വേണ്ടവിധത്തില്‍ പിടിച്ചെടുക്കാൻ ഈ ‘ഗ്യാപ്’ നല്ലതാണ്.
കാത്സ്യം, നമ്മള്‍ അയേണിനെ പിടിച്ചെടുക്കുന്നതിനെ കുറയ്ക്കുമത്രേ. ഏതാണ്ട് 40 മുതല്‍ 60 ശതമാനത്തോളം കുറവ് ഇങ്ങനെ സംഭവിക്കാമത്രേ. ഇക്കാരണം കൊണ്ടാണ് അയേണ്‍, കാത്സ്യം സപ്ലിമെന്‍റ്സ് ഒരുമിച്ചെടുക്കരുത് എന്ന് നിര്‍ദേശിക്കുന്നത്.

അയേണ്‍ എപ്പോഴും വെറുംവയറ്റില്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. എന്നുവച്ചാല്‍ ഭക്ഷണത്തിന് മുമ്പ് കഴിക്കാം. ചിലരില്‍ അയേണ്‍ സപ്ലിമെന്‍റ്സ് ദഹനപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അത് ഡോക്ടറെ കൃത്യമായി അറിയിക്കണം.

ഇതുപോലെ തന്നെ വൈറ്റമിൻ ഗുളികകളും ധാതുക്കളുടെ സപ്ലിമെന്‍റ്സും ഒരുമിച്ചെടുക്കുന്നതും അത്ര ഗുണകരമല്ല. ഇവയ്ക്ക് ഇടയിലും സമയം കൊടുക്കുന്നതാണ് മികച്ച ഫലത്തിന് നല്ലത്.

അയേണ്‍ സപ്ലിമെന്‍റ്സ് എടുക്കുന്നവര്‍ ഇതിന് ശേഷം പാല്‍, ചീസ്, യോഗര്‍ട്ട്, സ്പിനാഷ്, ചായ, കാപ്പി എന്നിവയെല്ലാം കഴിക്കുന്നതും ഒഴിവാക്കണം. ഇവയെല്ലാം അയേണ്‍ പിടിച്ചെടുക്കുന്നത് കുറയ്ക്കും. എല്ലാം ഇടവേളയെടുത്ത ശേഷം പതുക്കെ മാത്രം കഴിക്കാം. അയേണ്‍ എടുത്ത ശേഷം ‘അന്‍റാസിഡ്സ്’ എടുക്കുന്നതും അടുത്ത മണിക്കൂറുകളില്‍ ഒഴിവാക്കാണം. ഡോക്ടര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ കാലത്തേക്ക് അയേണോ വൈറ്റമിൻ ഗുളികകളോ കാത്സ്യമോ മറ്റ് സപ്ലിമെന്‍റുകള്‍ ഒന്നും തന്നെ എടുക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *