Your Image Description Your Image Description

ചുമയും തൊണ്ടവേദനയും കഫക്കെട്ടുമില്ലാത്തവരെ ഇന്ന് കാണാൻ കിട്ടാൻ തന്നെ പ്രയാസമാണ് എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. അത്രമാത്രം വ്യാപകമാവുകയാണ് ചുമയും ജലദോഷവുമൊക്കെ.

ഒരാഴ്ചയില്‍ അധികമായി ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ആശുപത്രിയില്‍ കാണിക്കുന്നതാണ് നല്ലത്. കാരണം സീസണലായി വരുന്ന ജലദോഷത്തിലും അധികം സങ്കീര്‍ണമായ വൈറല്‍ ഇൻഫെക്ഷനുകളും രോഗങ്ങളും നിലവില്‍ വ്യാപകമാവുകയാണ്.

ആസ്ത്മ, ബ്രോങ്കൈറ്റിസ് (ശ്വാസകോശത്തെ ബാധിക്കുന്ന രോഗം) അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള രോഗങ്ങളാണെങ്കില്‍ അവ അറിയാതെ പോകുന്നതും അപകടമാണല്ലോ. ഇക്കാരണം കൊണ്ടാണ് ചുമ മാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ കാണിക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.

കടുത്ത തൊണ്ടവേദന ബാധിക്കുക, ഇതിന് പിന്നാലെ ചുമ- കഫക്കെട്ട് എന്നതാണ് ഇപ്പോള്‍ ഏറെ പേരിലും കണ്ടുവരുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
‘സീസണലായി വരുന്ന ഇൻഫെക്ഷൻസ് തന്നെയാണ് വലിയൊരു വിഭാഗം കേസുകള്‍ക്കും കാരണം. പകര്‍ച്ചപ്പനി, ജലദോഷം ഒക്കെ ഇങ്ങനെ വ്യാപകമാകുന്നുണ്ട്. ഇതിന് പുറമെ കൊവിഡ് 19 ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നുണ്ട്. നഗരങ്ങളിലാണെങ്കില്‍ വായു മലിനീകരണം അണുബാധകളിലേക്ക് നയിക്കാം. അലര്‍ജിയോ ആസ്ത്മയോ ഉള്ളവരില്‍ അന്തരീക്ഷ മലിനീകരണം വൻ പ്രഹരമാവുകയാണ്…’- ഗുഡ്ഗാവില്‍ നിന്നുള്ള ഡോ. കുല്‍ദീപ് കുമാര്‍ (ഹെഡ് ഓഫ് ക്രിട്ടിക്കല്‍ & പള്‍മണോളജി- സികെ ബിര്‍ള ഹോസ്പിറ്റല്‍ ഗുഡ്ഗാവ്) പറയുന്നു.

കൊവിഡ് 19 മൂലം രോഗ പ്രതിരോധശേഷി ദുര്‍ബലമായവരില്‍ അണുബാധകള്‍ പെട്ടെന്ന് പിടികൂടുകയാണ്. സീസണല്‍ അണുബാധകള്‍ തന്നെ ഇങ്ങനെ വ്യാപകമാകുന്നതായി ഡേക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇതില്‍ നിന്ന് സുരക്ഷിതമായി നില്‍ക്കാൻ ചില കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കലാണ് ഇതിലൊന്ന്. പ്രതിരോധശേഷി ദുര്‍ബലമാണെന്ന് സംശയമുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാവുന്നതാണ്.

അതുപോലെ തന്നെ പുറത്തിറങ്ങി തിരിച്ചെത്തുന്ന ഉടനെ തന്നെ കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകുക. ഹാൻഡ് സാനിറ്റൈസറിന്‍റെ ഉപയോഗം പതിവാക്കുന്നതും അണുബാധകളൊഴിവാക്കാൻ നല്ലതാണ്.

അണുബാധകളുള്ളവരുമായി അടുത്തിടപഴകുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് വീട്ടില്‍ നന്നായി പ്രായമായവരോ കുട്ടികളോ ഗര്‍ഭിണികളോ ഉള്ളവര്‍ ഏറെയും ശ്രദ്ധിക്കണം. കാരണം ഈ വിഭാഗങ്ങളിലെല്ലാം പ്രതിരോധ ശേഷി കുറവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *