Your Image Description Your Image Description

നിത്യജീവിതത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ദഹനപ്രശ്നങ്ങള്‍, ജലദോഷം പോലുള്ള സീസണല്‍ രോഗങ്ങള്‍, തലവേദന, ശരീരവേദന എല്ലാം ഇത്തരത്തില്‍ കൂടെക്കൂടെ നമ്മളെ ശല്യപ്പെടുത്തുന്ന പ്രശ്നങ്ങളാണ്.

ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ഇടയ്ക്കിടെ വരുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി, ഡോക്ടറോട് വേണ്ട നിര്‍ദേശം തേടി പരിശോധന നടത്തി കാര്യമായ അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കണം. ഇത് ഇടയ്ക്കിടെ വരുന്ന തലവേദനയുടെ കാര്യത്തിലും സമാനം തന്നെ.

തലവേദന ഇടയ്ക്കിടെ വരുന്നത് അത്ര നല്ല സൂചനയല്ല. അതിനാല്‍ തന്നെ ഇതിന് പിന്നിലുള്ള കാരണം മനസിലാക്കുന്നതാണ് ഉചിതം. കാര്യമായ പ്രശ്നങ്ങളോ അസുഖങ്ങളോ ഒന്നുമില്ലെന്ന് ഉറപ്പായാല്‍ നമ്മുടെ ജീവിതരീതികളിലെ പിഴവുകള്‍ കൊണ്ടാണ് ഇടയ്ക്കിടെ തലവേദന വരുന്നത് എന്ന് മനസിലാക്കാം. അങ്ങനെയെങ്കില്‍ ആ പിഴവുകള്‍ നമുക്ക് തിരുത്തുകയും ആവാം. അതോടെ ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്കും നമുക്ക് സലാം പറയാം.

വെള്ളം…
ചിലര്‍ക്ക് ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലാത്തതിന്‍റെ പേരില്‍ തലവേദന പതിവാകാം. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ദിവസവും കുറഞ്ഞപക്ഷം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം, വേനലാകുമ്പോള്‍ ചൂട് കൂടുകയോ അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന കായികാധ്വാനം കൂടുകയോ ചെയ്താല്‍ വെള്ളത്തിന്‍റെ അളവ് പിന്നെയും കൂട്ടേണ്ടതാണ്. വെള്ളം മാത്രമല്ല ജലാംശം കാര്യമായി അടങ്ങിയ തണ്ണിമത്തൻ, കുക്കുമ്പര്‍ പോലുള്ളവ കഴിക്കുകയും വേണം.

സ്ട്രെസ്…

മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് പതിവായി അനുഭവിക്കുന്നവരിലും ഇതിന്‍റെ ഭാഗമായി തലവേദന വരാം. അതിനാല്‍ സ്ട്രെസിന്‍റെ ഉറവിടം കണ്ടെത്തി സാധ്യമെങ്കില്‍ അതില്‍ നിന്ന് അകലം പാലിക്കാനോ, അല്ലെങ്കില്‍ അതേ സ്ട്രെസിനെ കൈകാര്യം ചെയ്യാനോ ശ്രമിക്കണം. സ്ട്രെസ് അകറ്റുന്നതിനായി ചെയ്യാവുന്ന കാര്യങ്ങളും ജീവിതരീതിയുടെ ഭാഗമാക്കി മാറ്റാം.

ബ്രീത്തിംഗ് എക്സര്‍സൈസ്, യോഗ, മെഡിറ്റേഷൻ, ക്രിയാത്മകമായ കാര്യങ്ങള്‍, വര്‍ക്കൗട്ട് എല്ലാം ഇതിനായി ചെയ്യാവുന്നതാണ്. ഉറക്കക്കുറവുണ്ടെങ്കില്‍ അതും നിര്‍ബന്ധമായി പരിഹരിച്ചിരിക്കണം.

അരോമ തെറാപ്പി…

ചിലര്‍ക്ക് തലവേദന ഭേദപ്പെടുത്താൻ അരോമ തെറാപ്പി ഉപയോഗപ്പെടാം. എന്നുവച്ചാല്‍ സുഗന്ധം കൊണ്ട് തലവേദനയെ പമ്പ കടത്തുന്ന രീതി. ഇതിന് എസൻഷ്യല്‍ ഓയിലുകള്‍ ഉപയോഗിക്കാം. പെപ്പര്‍മിന്‍റ്, ലാവണ്ടര്‍, യൂക്കാലിപ്റ്റസ് എന്നിവയെല്ലാം ഉദാഹരണമാണ്. എസൻഷ്യല്‍ ഓയിലുകള്‍ ഉപയോഗിച്ച് ആവി പിടിക്കുന്നതാണ് ഉചിതം. ഇത് നോക്കി കൃത്യമായ രീതിയില്‍ തന്നെ ചെയ്യണം.

ഭക്ഷണം…

ഭക്ഷണകാര്യങ്ങളിലെ അശ്രദ്ധയും ചിലപ്പോള്‍ തലവേദനയിലേക്ക് നയിച്ചേക്കാം. ഇതിനായി ഭക്ഷണത്തില്‍ കുറച്ചുകൂടി ശ്രദ്ധ വച്ചുപുലര്‍ത്താം. കാപ്പി, മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങള്‍, മദ്യം, പ്രോസസ്ഡ് ഫുഡ്സ്, മധുര പലഹാരങ്ങള്‍, മധുരപാനീയങ്ങള്‍ എന്നിവയെല്ലാം വല്ലാതെ കഴിക്കുകയാണെങ്കില്‍ തലവേദനയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ ഇവയെല്ലാം പരമാവധി നിയന്ത്രിച്ച് മുന്നോട്ട് പോകുന്നതാണ് ഉചിതം.

വ്യായാമം…

കായികാധ്വാനമേതുമില്ലാത്ത ജീവിതരീതിയും പലരെയും ആരോഗ്യപ്രശ്നങ്ങളിലേക്ക് നേരിട്ടും അല്ലാതെയും നയിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ തലവേദനയും ഉള്‍പ്പെടുന്നതാണ്. അതിനാല്‍ വ്യായാമം പതിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *