Your Image Description Your Image Description

ഫെയര്‍നെസ് ക്രീമുകളോടുള്ള ആകര്‍ഷണം പലര്‍ക്കും പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിക്കുന്നതല്ല. തൊലി വെളുത്തതായി ഇരുന്നാലോ അഭിമാനിക്കാൻ വകയുള്ളൂ, തൊലി കറുത്തിരുന്നാല്‍ അത് ‘മോശം’ ആണെന്ന് ചിന്തിക്കുന്ന- അങ്ങനെ പെരുമാറുന്ന വലിയൊരു വിഭാഗം ജനത്തിനിടയില്‍ ഇങ്ങനെ ഫെയര്‍നെസ് ക്രീമുകളോട് വല്ലാത്ത വിധേയത്വം വരുന്നതിനെ കുറ്റപ്പെടുത്തുകയും സാധ്യമല്ല.

എന്നാല്‍ ഫെയര്‍നെസ് ക്രീമുകളോ മറ്റ് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളോ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ഇതെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

ഇപ്പോഴിതാ പോയ വര്‍ഷത്തേതിന് സമാനമായി ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായിരിക്കുന്ന രണ്ട് പേരെ കുറിച്ചുള്ള റിപ്പോര്‍ട്ട് കൂടി വരികയാണ്. നവി മുംബൈയിലാണ് സംഭവം. ഇവിടെയൊരു ആശുപത്രിയില്‍ ശരീത്തില്‍ നീര് വച്ചും, മൂത്രത്തില്‍ അസാധാരണമാംവിധം പ്രോട്ടീൻ കണ്ടും അഡ്മിറ്റ് ചെയ്തതാണത്രേ ഈ രോഗികളെ.

പിന്നീട് വൃക്ക വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തൊലി വെളുക്കാൻ വേണ്ടി തയ്യാറാക്കുന്ന ‘സ്കിൻ ലൈറ്റനിംഗ് ക്രീമു’കളില്‍ കണ്ടുവരുന്ന ‘ഹെവി മെറ്റലു’കളുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
24 വയസുള്ള ഒരു പെണ്‍കുട്ടിയും 56 വയസുള്ളൊരു പുരുഷനും ആണ് ഫെയര്‍നെസ് ക്രീം തേച്ചതിനെ തുടര്‍ന്ന് വൃത്ത തകരാര്‍ നേരിട്ടിരിക്കുന്നത്. ഇരുവരും മാസങ്ങള്‍ മാത്രമാണ് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതത്രേ. ഒരാള്‍ക്ക് വീടിന് അടുത്തുള്ളൊരു ഡോക്ടറും ഒരാള്‍ക്ക് പതിവായി മുടി വെട്ടുന്നയാളും ആണത്രേ ഈ ക്രീം നിര്‍ദേശിച്ചത്.

ഹെര്‍ബല്‍ ചേരുവകളാണ് ക്രീമിന്‍റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നതത്രേ. എന്തായാലും മാസങ്ങളോളം ഇത് തേച്ചതിന് ശേഷം വിവിധ ശാരീരികപ്രശ്നങ്ങള്‍ കാണുകയും, ഒടുവില്‍ ദേഹത്ത് നീര് വരികയും ചെയ്തതോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

രണ്ട് പേരും സമയബന്ധിതമായി ചികിത്സയെടുക്കാൻ എത്തിയതിനാല്‍ തന്നെ ഫലപ്രദമായ ചികിത്സയിലൂടെ ഇവരെ ഭേദപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് നവി മുംബൈയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

പോയ വര്‍ഷം കേരളത്തിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വൃക്കകളെ ബാധിക്കുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ചില ഫെയര്‍നെസ് ക്രീമുകളുടെ പതിവായ ഉപയോഗം മൂലം ഉണ്ടാകുന്നത്. ശരീരത്തില്‍ നീര് കാണുന്നതാണ് ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ഇതിനോടൊപ്പം വിശപ്പില്ലായ്മയും കടുത്ത ക്ഷീണവും അനുഭവപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *