Your Image Description Your Image Description

അഹമ്മദാബാദ്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയിൽ കോൺഗ്രസ് കുടുംബവാഴ്ച മാത്രമാണ് നടത്തിയത്. എന്നാൽ മോദി വികസന പ്രവർത്തനങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്കോട്ട്, റായ്ബറേലി, പഞ്ചാബിലെ ഭട്ടിൻഡ, ബംഗാളിലെ കല്യാണി, ആന്ധ്രപ്രദേശിലെ മംഗൾഗിരി എന്നിവിടങ്ങളിലെ എയിംസ് ആശുപത്രികളുടെ ഉദ്ഘാടന വേളയിലാണ് മോദിയുടെ വിമർശനം.

‘ഞാൻ റായ്ബറേലിക്ക് എയിംസ് വാഗ്ദാനം ചെയ്തു, ഞാൻ അത് ചെയ്തു. അഞ്ച് വർഷം മുമ്പ് ഞാൻ തറക്കല്ലിട്ടു, ഇന്ന് അത് ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ സേവകൻ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ്,’ മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ എയിംസ് തന്റെ മറ്റൊരു വാഗ്ദാനം പാലിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങൾ എയിംസ് ആവശ്യപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാൽ ഒരെണ്ണം പോലും നൽകിയില്ല. സ്വാതന്ത്ര്യം ലഭിച്ച് 50 വർഷം പിന്നിട്ടപ്പോഴും ഇന്ത്യയിൽ ഒരു എയിംസ് മാത്രമാണുണ്ടായിരുന്നത്, അതും ഡൽഹിയിൽ. എന്നാൽ ഇപ്പോൾ വെറും 10 ദിവസത്തിനുള്ളിൽ ഏഴ് പുതിയ എയിംസുകൾ രാജ്യത്തിന് സമർപ്പിച്ചതായി മോദി പറഞ്ഞു. ‘മറ്റുള്ളവരിൽ നിന്നുള്ള പ്രതീക്ഷകൾ അവസാനിക്കുന്നിടത്ത് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നു എന്ന് രാജ്യം പറയുന്നത് അതുകൊണ്ടാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

സോണിയ ഗാന്ധി തുടർച്ചയായി നാല് തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തരപ്രദേശിൽ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത് എന്നതും ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ സോണിയ ഗാന്ധി ഇക്കുറി റായ്ബറേലിയിൽ മത്സരിക്കുന്നില്ല. സോണിയയ്ക്ക് പകരം മകൾ പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സോണിയയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി എന്നിവരും ഈ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *