Your Image Description Your Image Description

പാലക്കാട്: അങ്കണവാടികളിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ് മാത്രമല്ല ദിവസേന ഭക്ഷണം ഉണ്ടാകുന്നത് കൊണ്ട് തന്നെ അടുക്കളകൾ പുകയും കരിയും കൊണ്ട് നിറയുന്നതുമാണ്. അതിനൊരു ഉത്തമപ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ‘അങ്കൺജ്യോതി’ പദ്ധതി. അങ്കണവാടികളെ സ്മാർട്ടാക്കാനാണ് പദ്ധതിയുടെ ഉദ്ദേശം.

ഹരിതകേരളം മിഷൻ, എനർജി മാനേജ്‌മെന്റ് സെന്റർ കേരളം എന്നിവ ആരംഭിച്ച ’നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന പരിപാടിയുടെ ഭാഗമായാണിത്. അങ്കണവാടികളിൽ വിറക് ഉപയോഗിച്ചുള്ള പാചകം പൂർണമായും അവസാനിപ്പിക്കുന്നതാണ് പദ്ധതി. അന്തരീക്ഷത്തിനും പ്രകൃതിക്കും ഹാനികരമായ കാർബൺ പുറത്തുവിടുന്ന പാചകരീതികളും ഉപകരണങ്ങളും മാറ്റുമെന്ന് നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ പി. സെയ്തലവി പറഞ്ഞു. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ഇത് നടപ്പാക്കാനാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ ഏഴ് അങ്കണവാടികളിലാണ് പദ്ധതി നടപ്പാകുന്നത്. ഇതിന് പുറമേ സംസ്ഥാനത്തെ 287 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടികൾക്ക് ഊർജ ഉപഭോഗം കുറയ്ക്കാൻ കഴിയുന്ന ഉപകരണങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി പാലക്കാട് അകത്തേത്തറയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് വിതരണം ചെയ്തു. അങ്കണവാടികൾക്ക് റൈസ് കുക്കർ, പ്രഷർ കുക്കർ, ഇൻഡക്ഷൻ കുക്ക് ടോപ്പ്, ഇൻഡക്ഷൻ ബേസ്ഡ് ഇഡ്‌ഡലി കുക്കർ, ഉരുളി എന്നിവയാണ് നൽകിയത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുക മാത്രമല്ല, പാചകത്തിനാവശ്യമായ സമയം കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *