Your Image Description Your Image Description

മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി ഇരട്ട സെഞ്ചുറി നേടി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ അനിയന്‍ മുഷീര്‍ ഖാന്‍. ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 203 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു 19കാരന്‍. മുഷീറിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നിത്. അതേസമയം, സര്‍ഫറാസ് ഖാന്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇപ്പോള്‍ ക്രീസിലുണ്ട്. ചേട്ടനും അനിയനും ഒരു ദിവസം സെഞ്ചുറി നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുഷീറിന്റെ കരുത്തില്‍ മുംബൈ ആദ്യ ഇന്നിംഗ്‌സില്‍ 384 റണ്‍സ് നേടി. 57 റണ്‍സെടുത്ത ഹര്‍ദിക് തമോറെയാണ് അടുത്ത ടോപ് സ്‌കോറര്‍. വിദര്‍ഭയ്ക്ക് വേണ്ടി ഭാര്‍ഗവ് ഭട്ട് ഏഴ് വിക്കറ്റ് വീഴ്ത്തി.

ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 128 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു മുഷീര്‍. ഒരു ഘട്ടത്തില്‍ മുംബൈ നാലിന് 99 എന്ന നില്‍ക്കുമ്പോള്‍ മുഷീര്‍ നെടുംതൂണാവുകയായിരുന്നു. ഹാര്‍ദിക് അടക്കമുള്ള വാലറ്റക്കാരെ കൂട്ടുപിടിച്ച് ടീമിനെ 300 കടത്തുകയായിരുന്നു താരം. ഹാര്‍ദിക് മടങ്ങിയെങ്കില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ (51 പന്തില്‍ 17) പിന്തുണ നല്‍കി. ഷാര്‍ദുല്‍ മടങ്ങിയതിന് പിന്നാലെ തനുഷ് കൊട്യന്‍ (7), മോഹിത് അവസ്തി (2), തുഷാര്‍ ദേഷ്പാണ്ഡെ (0) എന്നിവരെ കൂട്ടുപിടിച്ച് മുഷീര്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി.

അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് മുഷീറിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. സഹോദരന്‍ സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമിനൊപ്പമായതിനാല്‍ മുംബൈ ടീമിന്റെ കരുത്ത് ചോര്‍ന്നിരുന്നു. അവിടെയാണ് മുഷീര്‍ സര്‍ഫറാസിന്റെ അഭാവം കാണിക്കാതിരുന്നത്. ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടാന്‍ മുഷീറിന് സാധിച്ചിരുന്നു. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് മുഷീര്‍ സെഞ്ചുറി നേടിയിരുന്നത്.

അതേസമയം രഞ്ജിയില്‍ ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെയുടെ മോശം പ്രകടനം തുടരുകയാണ്. ബറോഡയ്ക്കെതിരായ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ രഹാനെ മൂന്ന് റണ്‍സെടുത്ത് പുറത്തായി. സീസണിലുടനീളം മോശം പ്രകടനമായിരുന്നു രഹാനെയുടേത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തേതും. ഇതുവരെ ഒമ്പത് ഇന്നിംഗ്സുകള്‍ കളിച്ച രഹാനെ 115 റണ്‍സ് മാത്രമാണ് നേടിയത്. 14.38 ശരാശരിയും 35.93 സ്ട്രൈക്ക് റേറ്റും. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. അതില്‍ രണ്ട് രണ്ട് തവണ റണ്ണെടുക്കാനും സാധിച്ചിരുന്നില്ല. ഇന്ന് ഭാര്‍ഗവ് ഭട്ടിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രഹാനെ.

Leave a Reply

Your email address will not be published. Required fields are marked *