Your Image Description Your Image Description

 

ചിദംബരം രചനയും സംവിധാനവും നിർവഹിച്ച സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്‌സിന് റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരിക്കും എന്നാണ് പ്രേക്ഷകരിൽ പലരും പ്രവചിക്കുന്നത്.ഒന്നോ രണ്ടോ അല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ചേർന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
സർവൈവർ ത്രില്ലർ എന്നോ ഫ്രണ്ട്ഷിപ്പ് പടമെന്നോ, പേരെന്തിട്ടു വിളിച്ചാലും, മലയാളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഹൃദയഹാരിയായ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ഈ ചിത്രം മലയാള സിനിമയുടെ സീൻ തന്നെ മാറ്റിമറിക്കുമെന്ന സുഷിന് ശ്യാമിന്റെ വാക്കുകൾ നേരത്തെ വൈറലായിരുന്നു .

ചിദംബരത്തിൻ്റെ ആദ്യ ചിത്രമായ ‘ജാൻ എ മാൻ’ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സ് മെഗാഹിറ്റാകുമെന്ന് സിനിമ കാണുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. നടന്ന സംഭവം സിനിമയാക്കുമ്പോഴുള്ള എല്ലാ പരിമിതികളെയും സിനിമാറ്റിക് സാധ്യതകളിലൂടെ മറികടക്കുന്ന എഴുത്താണ് തിരക്കഥാകൃത്തും സംവിധായകനുമായ ചിദംബരം കാഴ്ച വച്ചിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് ഒരു കൂട്ടം സുഹൃത്തുക്കൾ യാത്ര ചെയ്യുകയും അവിടെ നിന്ന് അവർക്ക് അപ്രതീക്ഷിതമായ സാഹചര്യങ്ങൾ നേരിടേണ്ടിവരുകയും ചെയ്യുന്നതാണ് മഞ്ഞുമ്മൽ ബോയ്‌സിൻ്റെ പ്രമേയം. 2 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

ക്യാമറമാൻ ഷൈജു ഖാലിദും പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശേരിയുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം . കൊടൈക്കനാലിനെ എന്ത് ഭംഗിയായിട്ടാണയാൾ ക്യാമറയിൽ പകർത്തി വച്ചിരിക്കുന്നത് .
മലയാള സിനിമയ്ക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന വിജയഗാഥ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി മഞ്ഞുമ്മൽ ബോയ്‌സിൻ്റെ പേരും കൂടി ചേരും എന്ന കാര്യം എന്തായാലും ഉറപ്പാണ്

 

 

 

Leave a Reply

Your email address will not be published. Required fields are marked *