Your Image Description Your Image Description

ഒരേ സമയത്ത് നിരവധി ചിത്രങ്ങള്‍ തിയറ്ററുകളില്‍ കളിക്കുന്നത് സര്‍വ്വസാധാരണമായ കാര്യമാണ്. എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ ഒരേ സമയം വന്‍ ജനപ്രീതി നേടിയാലോ? ഏത് ഭാഷാ സിനിമയെ സംബന്ധിച്ചും അപൂര്‍വ്വമായ ആ സാഹചര്യം മലയാളത്തില്‍ സംഭവിച്ചിരിക്കുകയാണ്. പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ ഇന്ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സിനും വന്‍ അഭിപ്രായം ലഭിച്ചതോടെ മലയാള സിനിമയെ സംബന്ധിച്ച് 2024 ന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

മൂന്ന് ചിത്രങ്ങള്‍ക്ക് ഒരേ സമയം മികച്ച അഭിപ്രായം ലഭിച്ചതോടെ മികച്ച സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്തുക എന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ച് പ്രധാനമാണ്. ഭ്രമയുഗത്തിന്‍റെ രണ്ടാം വാരത്തിലെ സ്ക്രീന്‍ കൗണ്ട് നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിലെ സ്ക്രീനുകളുടെ എണ്ണത്തില്‍ ചിത്രത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. റിലീസ് സമയത്ത് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരുന്ന ലിസ്റ്റ് പ്രകാരം കേരളത്തില്‍ 202 സ്ക്രീനുകളിലായിരുന്നു ഭ്രമയുഗത്തിന്‍റെ റിലീസ്. രണ്ടാം വാരത്തിലെ ലിസ്റ്റ് അനുസരിച്ച് കേരളത്തിലെ 203 സ്ക്രീനുകളില്‍ ചിത്രത്തിന് പ്രദര്‍ശനമുണ്ട്.

ഭ്രമയുഗത്തെ സംബന്ധിച്ച് മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. വെള്ളിയാഴ്ച തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം അതത് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യപ്പെടുകയാണ്. മലയാളം പതിപ്പ് തന്നെ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ ഇതരഭാഷാ സിനിമാപ്രമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഡബ്ബിംഗ് പതിപ്പുകള്‍ക്കായുള്ള ആവശ്യവും സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തിയിരുന്നു. മൊഴിമാറ്റ പതിപ്പുകള്‍ സ്വീകരിക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍. അങ്ങനെ സംഭവിക്കുന്നപക്ഷം മലയാള സിനിമയെ സംബന്ധിച്ച് ഒരു പുതിയ തുടക്കമാവും അത്. കളക്ഷനെ വലിയ അളവില്‍ അത് സ്വാധീനിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *