Your Image Description Your Image Description

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആ‌ൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയിൽ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂർ പൊലീസ് എഫ്ഐ‌ആ‌ർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.

“ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.53നാണ് കോള്‍ വന്നത്. 25 വയസ്സ് തോന്നിക്കുന്ന പയ്യനാ. രാഹുൽ കുമാർ, ഭോപ്പാൽ, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസ് കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു. പിന്നീട് മുഖം വ്യക്തമായി കണ്ടു. എന്താണ് അസുഖമെന്ന് ഞാന്‍ ആവർത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ലായിരുന്നു. ചാറ്റ് ബോക്സിൽ ‘എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെ’ന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീർന്ന ഉടനെ ഇയാള്‍ ക്യാമറ താഴ്ത്തി സ്വയംഭോഗം തുടങ്ങി. അടുത്ത ദിവസം തന്നെ പരാതി നൽകി. 10 ദിവസത്തിന് ശേഷമാണ് എഫ്ഐആർ ഇട്ടത്”- ഡോക്ടര്‍ പറഞ്ഞു.

തമ്പാനൂർ പൊലീസ് കേസെടുത്ത ശേഷം സാങ്കേതിക കാരണം പറഞ്ഞ് കേസ് കഴക്കൂട്ടത്തേക്ക് മാറ്റി. ഇതിനിടെ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിയുടെ മാതാപിതാക്കൾ ഡോക്ടറെ സമീപിച്ചു. 2022ല്‍ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആ കേസ് നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രതിയുടെ അച്ഛന്‍ പറഞ്ഞെന്നും ഡോക്ടർ വിശദീകരിച്ചു. ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ കാണിച്ച രാഹുല്‍ എന്ന പേര് വ്യാജമാണ്. പ്രതി പിജി വിദ്യാർത്ഥിയാണ്. പ്രതിയെ പറ്റി വ്യക്തതയുണ്ടായിട്ടും പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്. പ്രതി ഒളിവിലാണെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണമെന്ന് ഡോക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *