Your Image Description Your Image Description

ന്യൂഡൽഹി: നൊബേല്‍ സമാധാന സമ്മാനത്തിന് ഇലോണ്‍ മസ്‌കിനെ നാമനിര്‍ദ്ദേശം ചെയ്ത് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം. നോര്‍വീജിയന്‍ എം പി മാരിയസ് നില്‍സനാണ് മസ്‌കിനെ നാമനിര്‍ദ്ദേശം ചെയ്തത്. ‘തുടര്‍ച്ചയായി കൂടുതല്‍ ധ്രുവീകരിക്കപ്പെട്ട ലോകത്ത് സംഭാഷണം, സംസാര സ്വാതന്ത്ര്യം, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാധ്യത എന്നിവ പ്രാപ്തമാക്കാന്‍ വേണ്ടി ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനാലാണ് മസ്‌കിനെ താന്‍ നാമനിര്‍ദ്ദേശം ചെയ്തതെന്നായിരുന്നു മാരിയസ് നില്‍സന്റെ പ്രതികരണം. ഇലോണ്‍ മസ്‌കിന്റെ സ്ഥാപനങ്ങള്‍ ലോകത്തെ പരസ്പരം കൂടുതല്‍ ബന്ധിതവും സുരക്ഷിത ഇടവുമാക്കിയെന്നും നില്‍സണ്‍ ചൂണ്ടിക്കാണിച്ചു. നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പേരുകള്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാത്രമേ ഔദ്യോഗികമായി വെളിപ്പെടുത്തുകയുള്ളു.

ഇതിനിടെ മറ്റൊരു നോര്‍വീജിയന്‍ എം പിയായ സോഫി മാര്‍ഹോഗ് ജൂലിയന്‍ അസാഞ്ചെയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. ‘പടിഞ്ഞാറന്‍ രാജ്യങ്ങളുടെ യുദ്ധക്കുറ്റങ്ങള്‍ അസാഞ്ചെ തുറന്ന് കാട്ടിയെന്നും അത് സമാധാനത്തിന് സഹായമായി. നമുക്ക് യുദ്ധം ഒഴിവാക്കണമെങ്കില്‍ യുദ്ധം സമ്മാനിക്കുന്ന അപകടത്തെക്കുറിച്ചുള്ള സത്യം നമ്മള്‍ മനസ്സിലാക്കണം. യുദ്ധകുറ്റവാളികളോടുള്ള പീഢനവും മനുഷ്യത്വപരമല്ലാത്ത പെരുമാറ്റവും അസാഞ്ചെ തുറന്ന് കാണിച്ചു. അദ്ദേഹം നൊബെല്‍ സമ്മാനം അര്‍ഹിക്കുന്നു’വെന്നായിരുന്നു സോഫി മര്‍ഹോഗിൻ്റെ പ്രതികരണം. നേരത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ക്ലൗഡിയ ടെന്നി ഡെണാള്‍ഡ് ട്രംപിനെ നോബെല്‍ സമ്മാനത്തിനായി ശുപാര്‍ശ ചെയ്തിരുന്നു.

തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചാൽ മൗസില്ലാതെ കംപ്യൂട്ടർ ഘടിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായാണ് ഏറ്റവും ഒടുവിൽ ഇലോൺ മസ്ക് ലോകത്തെ അമ്പരിപ്പിച്ചത്. കംപ്യൂട്ടറുകളെ മനുഷ്യ മസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലായിരുന്നു ശ്രദ്ധേയമായ ഈ മുന്നേറ്റം. മൗസോ ടച്ച്പാഡോ ഉപയോ​ഗിച്ച് കഴ്സ്ർ നീക്കുന്നതിന് പകരമാണ് തലച്ചോറുപയോ​ഗിച്ചുള്ള പ്രവർത്തനം.

റോബട്ടിക് ശസ്ത്രക്രിയ വഴി ജനുവരിയിലാണ് ആളുടെ തലയിൽ ചിപ്പ് ഘടിപ്പിച്ചത്. ഹ്യൂമൻ ട്രയൽ റിക്രൂട്ട്മെന്റിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പരീക്ഷണം. ന്യൂറലിങ്ക് എന്നത് ഒരു ചെറിയ കംപ്യൂട്ട‍ർ ചിപ്പാണ്. തലച്ചോറിലേക്ക് ഇത് ഘടിപ്പിക്കാം. ശരീരത്തിലെ പല പ്രവർത്തനങ്ങളും തലച്ചോർ നിയന്ത്രിക്കുന്നത് പോലെ വൈദ്യുത സി​ഗ്നലുകളിലൂടെ കംപ്യൂട്ടറും നിയന്ത്രിക്കും. ഇതിനുള്ള സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *