Your Image Description Your Image Description

സ്വർണവും പണവും ഉള്‍പ്പെടെയുള്ള വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനൊപ്പം വിചിത്രമായൊരു ശീലം കൂടി തനിക്കുണ്ടെന്ന് പൊലീസുകാരോട് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കള്ളൻ. കഴിഞ്ഞ ദിവസം പിടിയിലായ 27 വയസുകാരനാണ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിലപിടിപ്പുള്ള സാധനങ്ങള്‍ക്കൊപ്പം താൻ കയറുന്ന വീടുകളിൽ നിന്നെല്ലാം പുസ്തകങ്ങള്‍ കൂടി മോഷ്ടിക്കുമത്രെ.

മോഷ്ടാവിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ നിരവധി പുസ്തകങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോൾ പറഞ്ഞത് ഇങ്ങനെ, വലിയൊരു മോഷണം നടത്തിയാൽ പിന്നെ നേരമ്പോക്കിന് പുസ്തകങ്ങള്‍ വായിച്ച് ഇരിക്കുന്നതാണത്രെ തന്റെ ഒരു രീതി. വിജയകമായ മോഷണത്തിന് ശേഷം കുറച്ച് സമയം ഇതിനായി മാറ്റിവെച്ച് വിശ്രമിക്കുമെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ പൊലീസുകാർക്ക് ഇത് അത്ര ബോധിച്ചിട്ടില്ല. കിട്ടുന്ന പുസ്തകങ്ങൾ കൂടി മോഷ്ടിച്ച് അതും വിറ്റ് പൈസയാക്കാനായിരിക്കും ഇയാളുടെ പദ്ധതിയെന്നാണ് പൊലീസുകാരുടെ വിശ്വാസം. എന്നാൽ സാധനങ്ങള്‍ മോഷണം പോയെന്ന് കാണിച്ച് ലഭിച്ച പരാതിയിൽ മറ്റെല്ലാ സാധനങ്ങളുടെയും പേരുണ്ടെങ്കിലും പുസ്തകങ്ങള്‍ വീട്ടിൽ നിന്ന് നഷ്ടമായതായി പറഞ്ഞിട്ടുമില്ല.

കൊൽക്കത്തയിലാണ് വിചിത്രമായ ശീലം അവകാശപ്പെടുന്ന കള്ളൻ പിടിയിലായത്. ബോഗ്ല എന്നറിയപ്പെടുന്ന 27 വയസുകാരൻ രാഹുൽ ശർമ, അടുത്തിടെ റസ്സ റോഡിലെ ഒരു അപ്പാര്‍ട്ട്മെന്റിൽ കയറി. വീട്ടുകാർ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടിലുണ്ടായിരുന്ന വളകളും മൂക്കുത്തിയും കമ്മലുകളും ഉള്‍പ്പെടെ എല്ലാ സ്വര്‍ണാഭരണങ്ങളും 8000 രൂപയും വിലപിടിപ്പുള്ള ഒരു മൊബൈൽ ഫോണും കവര്‍ന്നു. വീട്ടുകാരുടെ പരാതിയിൽ പിന്നീട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കള്ളനെക്കുറിച്ച് ഏതാണ്ട് വിവരം ലഭിച്ചതോടെ കാങ്കുലിയയിലെ ഇയാളുടെ ഒളിസങ്കേതത്തിൽ പൊലീസെത്തി. രാത്രി പത്തേകാലോടെ എത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. താമസ സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോഴാണ് മോഷ്ടിച്ചെടുത്ത സ്വര്‍ണവും പണവും മൊബൈൽ ഫോണുകളും കട്ടിലിന്റെ അടിയിൽ നിന്ന് കിട്ടിയത്. ഇതോടൊപ്പം നിരവധി പുസ്കരങ്ങളും ഉണ്ടായിരുന്നു. പുതിയതെന്ന് തോന്നിച്ചിരുന്ന പുസ്തകങ്ങള്‍ വൃത്തിയോടെ അടുക്കി വെച്ചിരിക്കുകയായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയിൽ പുസ്തകങ്ങളുടെ കാര്യം പറഞ്ഞിട്ടില്ലാത്തത് കൊണ്ട് ഇനി ഇതൊക്കെ വേറെ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *