Your Image Description Your Image Description

ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടുമൂലം പുറത്തിറങ്ങാനാകാത്ത നൂറോളം കുടുംബങ്ങൾക്ക് പറവൂർ മണ്ഡലത്തിലെ നവകേരള സദസിൽ നൽകിയ നിവേദനത്തിലൂടെ പ്രശ്ന പരിഹാരമാകുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂണൂൽപ്പാടം റോഡിൽ താമസിക്കുന്ന സാധാരണക്കാർക്കാണ് സർക്കാർ ഇടപെടൽ ആശ്വാസമേകുന്നത്.

തച്ചംപിള്ളി പുഴയിൽ ചെന്നവസാനിക്കുന്ന റോഡാണിത്.120 കുടുംബങ്ങളാണ് ഇവിടെ താമസം. ഈ റോഡിന് സമീപത്തുള്ള പല്ലംതുരുത്ത് – പറയകാട്, തച്ചപ്പിള്ളി – വേലൻകടവ് റോഡുകൾ ഉയരം കൂട്ടി നിർമിച്ചതോടെയാണ് പൂണൂൽപ്പാടം റോഡിൽ താമസിക്കുന്നവരുടെ ദുർഗതി തുടങ്ങിയത്.

ഒരു മഴ പെയ്താൽ വീടും പരിസരവുമാകെ വെള്ളം കെട്ടി നിൽക്കും. പ്രധാന റോഡിലേക്കെത്താനാള്ള ഇടറോഡാകട്ടെ മുട്ടറ്റം വെള്ളത്തിലാകും. മഴ രണ്ട് ദിവസം നീണ്ടു നിന്നാൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാകും. ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ഇതുമൂലം ഏറെ വലഞ്ഞിരുന്നു. പല്ലംതുരുത്ത് – പറയകാട് റോഡിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് പുഴയുമായി ബന്ധിപ്പിച്ച് കാന നിർമിക്കാതിരുന്നതാണ് പൂണൂൽപ്പാടം ഉൾപ്പടെ സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയത്.

പ്രശ്ന പരിഹാരത്തിന് ഇനിയെന്ത് മാർഗം സ്വീകരിക്കണമെന്ന ആശങ്കയ്ക്ക് ഇടയിലാണ് പൂണൂൽപാടം നിവാസികൾക്കു മുന്നിൽ രക്ഷാമാർഗമായി നവകേരള സദസ്സ് എത്തിയത്. വാർഡ് തല സംഘാടക സമിതിയുടെ നേതൃത്വത്തിൽ 76 കുടുംബങ്ങൾ ഒപ്പിട്ട നിവേദനമാണ് പറവൂരിലെ നവകേരള സദസ്സിൻ്റെ കൗണ്ടറിലെത്തി കൈമാറിയത്. ബന്ധപ്പെട്ട വകുപ്പിന് നിവേദനം കൈമാറിയതായി 10 ദിവസത്തിനകം വിവരം കിട്ടി. കഴിഞ്ഞ ദിവസം ഇറിഗേഷൻ വകുപ്പ് ആലുവ സബ് ഡിവിഷന് കീഴിലെ പറവൂർ സെക്ഷൻ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിച്ചു.

പൂണൂൽപ്പാടം റോഡ് തുടങ്ങുന്നിടത്ത് നിന്ന് 200 മീറ്റർ പിന്നിടുമ്പോഴുള്ള തോട്ടിലേക്ക് റോഡിനടിയിലൂടെ കാന നിർമിച്ചാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. കാന നിർമിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *