Your Image Description Your Image Description

പാര്‍ലമെന്റില്‍ 2024-25 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി  നിര്‍മ്മല സീതാരാമന്‍ മൂലധന ചെലവ് വിഹിതം, 2023-24ലെ പുതുക്കിയ എസ്റ്റിമേറ്റ്, 2024-25ലെ ബജറ്റ് എസ്റ്റിമേറ്റ് എന്നിവ വിശദീകരിച്ചു.

മൂലധനച്ചെലവ് വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധന

2024-25 ലെ മൂലധന ചെലവ് 11.1 ശതമാനം വര്‍ധിപ്പിച്ച് 11,11,111 കോടി രൂപയാക്കുമെന്നു കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇത് ജിഡിപിയുടെ 3.4 ശതമാനമാണ്. കൂടാതെ, കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ CapExന്റെ മൂന്നിരട്ടി എന്ന നിലയിൽ വന്‍തോതിലുള്ള വര്‍ദ്ധന സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ ബഹുതല സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

2023-24 പുതുക്കിയ എസ്റ്റിമേറ്റ്

“വായ്പകള്‍ ഒഴികെയുള്ള മൊത്തം വരുമാനത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 27.56 ലക്ഷം കോടി രൂപയാണ്, അതില്‍ നികുതി വരുമാനം 23.24 ലക്ഷം കോടി രൂപയാണ്. മൊത്തം ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 44.90 ലക്ഷം കോടി രൂപയാണ്” – കേന്ദ്ര ധനമന്ത്രി പറഞ്ഞു,

റവന്യൂ വരുമാനത്തെക്കുറിച്ച് സംസാരിച്ച അവര്‍, 30.03 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സമ്പദ്‌വ്യവസ്ഥയിലെ ശക്തമായ വളര്‍ച്ചാ വേഗതയും ഔപചാരികവല്‍ക്കരണവും പ്രതിഫലിപ്പിക്കുന്നു.

നാമമാത്ര വളര്‍ച്ചാ എസ്റ്റിമേറ്റുകളില്‍ മിതത്വം ഉണ്ടായിരുന്നിട്ടും, ധനക്കമ്മിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ജിഡിപിയുടെ 5.8 ശതമാനമാണെന്നും ഇത് ബജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ മെച്ചപ്പെട്ടുവെന്നും അവര്‍ പരാമര്‍ശിച്ചു.

ബജറ്റ് എസ്റ്റിമേറ്റ് 2024-25

2024-25 ല്‍ കടമെടുക്കല്‍ ഒഴികെയുള്ള മൊത്തം വരുമാനം 30.80 ലക്ഷം കോടി രൂപയും മൊത്തം ചെലവ് 47.66 ലക്ഷം കോടി രൂപയുമാണ്. നികുതി വരുമാനം 26.02 ലക്ഷം കോടി രൂപ.

സംസ്ഥാനങ്ങള്‍ക്ക് മൂലധനച്ചെലവിനായി മൊത്തം 1.3 ലക്ഷം കോടി രൂപ അടങ്കലിൽ 50 വര്‍ഷത്തെ പലിശ രഹിത വായ്പ പദ്ധതി ഈ വര്‍ഷവും തുടരുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായിരിക്കുമെന്ന് ശ്രീമതി നിർമല സീതാരാമന്‍ പറഞ്ഞു. 2021-22 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ ധന ഏകീകരണത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും 2025-26 ഓടെ ഇത് 4.5 ശതമാനത്തില്‍ താഴെയായി കുറയ്ക്കുമെന്നും അവര്‍ പരാമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *