
ന്യൂഡൽഹി : നരേന്ദ്ര മോദിയെ ‘വിട്ടുവീഴ്ചകൾക്കു വഴങ്ങുന്ന പ്രധാനമന്ത്രി’യെന്നു വിമർശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമൂഹമാധ്യമത്തിൽ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ‘‘കോൺഗ്രസ് ഈ നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം’’ എന്നു തുടങ്ങുന്ന പോസ്റ്റാണ് രാഹുലിനെതിരെ റിജിജു എക്സിൽ പങ്കുവച്ചത്.
റിജിജുവിന്റെ കുറിപ്പ്:
‘‘കോൺഗ്രസ് ഈ നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം:
1. 1962 ൽ എന്റെ ഗ്രാമം ചൈന കയ്യേറി. 1962 ലെ ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?
2. കോൺഗ്രസ് ഇന്ത്യയെ ഒരു ദരിദ്ര രാഷ്ട്രമായി നിലനിർത്തി. എന്തുകൊണ്ട്?
3. ഇന്ത്യയെ എന്തുകൊണ്ടാണ് പാമ്പാട്ടികളുടെ നാട് എന്ന് വിളിച്ചിരുന്നത്?
4. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ‘ഹിന്ദു വളർച്ചാനിരക്ക്’ എന്ന് അധിക്ഷേപിച്ചത് എന്തുകൊണ്ടാണ്?’’
ചൈനയിലെ ഷെൻഷെനിൽ നടന്ന ത്രിശക്തി ഉച്ചകോടിയിൽ ക്ഷണം ലഭിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവർ ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച രാഹുൽ ‘‘കോൺഗ്രസ് ആയിരുന്നു അധികാരത്തിലെങ്കിൽ ഈ മേശയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉണ്ടാകുമായിരുന്നു. വിട്ടുവീഴ്ചകൾക്കു വഴങ്ങിയ ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയ്ക്കരികിലിരിക്കാൻ കഴിയില്ല’’ എന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിനു പിന്നാലെ ബിജെപിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമാണ് രാഹുലിനെതിരെ ഉയരുന്നത്.
