
വാഷിങ്ടൺ: അരനൂറ്റാണ്ടിലേറെയായി ഇറാൻ ഭരണകൂടം ജനങ്ങളെ വഞ്ചിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 51 വർഷമായി ടെഹ്റാൻ ജനങ്ങളെ കബളിപ്പിക്കുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവയ്ക്കുന്ന കരാർ വ്യവസ്ഥകൾ അംഗീകരിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും പൂർണതോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ, സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ കരാറിന് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വ്യാജമായ ഉടമ്പടിയല്ല, മറിച്ച് യഥാർഥ കരാറാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന തൻ്റെ മുൻ നിലപാടും അദ്ദേഹം ആവർത്തിച്ചു.
സംഘർഷം തീർക്കാൻ കരാർ വേണമെന്ന നിലപാടിനും അമേരിക്കയ്ക്ക് ഒരു കരാറിൻ്റെയും ആവശ്യമില്ലെന്ന വാദത്തിനും ഇടയിൽ ട്രംപ് നിരന്തരം നിലപാട് മാറ്റുകയാണ്. യുദ്ധം ആരംഭിച്ച് ഏകദേശം ഒൻപത് മാസം പിന്നിടുമ്പോൾ ഇരുപക്ഷവും നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലും പരസ്പരമുള്ള ആക്രമണങ്ങളിലും തെളിയുന്നതെന്ന് നയതന്ത്രജ്ഞരും നിരീക്ഷകരും വിലയിരുത്തുന്നു.
