Home » Blog » kerala Max » ഇന്ന് ഗുരുവായൂർ ഏകാദശി; പുണ്യം തേടി ആയിരങ്ങൾ
6

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത ജനലക്ഷങ്ങളാണ് ഏകാദശി ദിനത്തിൽ ഇവിടേക്ക് എത്തുന്നത്. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. നിരവധി പുണ്യസംഭവങ്ങളുടെ സംഗമമാണ് ഏകാദശി ദിനം.

അർജുനന് ശ്രീകൃഷ്‌ണ ഭഗവാൻ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാൽ ഏകാദശി ദിവസം ഗീതാ ദിനമായും ആഘോഷിച്ച് വരുന്നുണ്ട്. ദേവ ഗുരുവും വായുദേവനും ചേർന്ന് ഗുരുവായൂരിൽ പ്രതിഷ്‌ഠ നടത്തിയത് ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. ഇതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനം പ്രതിഷ്‌ഠാ ദിനമായും ആഘോഷിക്കുന്നു.

ഗജരാജൻ ഗുരുവായൂർ കേശവൻ ഗുരുവായൂരപ്പനിൽ അഭയം പ്രാപിച്ചതും ഏകാദശി ദിനത്തിൽ പ്രഭാതത്തിലാണ്. വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിൽ വരുന്ന ഗുരുവായൂർ ഏകാദശി പാപങ്ങളെ നശിപ്പിക്കാൻ പര്യാപ്‌തമാകുമെന്നാണ് വിശ്വാസം. ഏകാദശി വ്രതം നോറ്റ് ദർശനത്തിനെത്തുന്ന ഭക്തർക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കിഴക്കേ ഗോപുരം വഴിയാണ് ദർശനത്തിനായുള്ള ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക. രാവിലെ 6.30ന് പഞ്ചവാദ്യത്തിന്‍റെ അകമ്പടിയിൽ പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. ഏകാദശി നാളിൽ ഗുരുവായൂർ ഉണ്ണി കണ്ണനെ തൊഴുത് ദർശനപുണ്യം നുകരുന്നതിനായി ഇന്നലെ വൈകിട്ടോടെ തന്നെ ഭക്തജനങ്ങൾ ഗുരുവായൂരിലേയ്ക്ക് എത്തി തുടങ്ങിയിരുന്നു.

ഏകാദശി ദിവസമായ ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ ക്ഷേത്രത്തിൽ വിഐപികൾ ഉൾപ്പെടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർക്കായി ദേവസ്വം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകാദശി വ്രതം നോറ്റെത്തുന്ന ഭക്തർക്ക് ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. അന്ന ലക്ഷ്‌മി ഹാളിലും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും.

ഗോതമ്പ് ചോറ്, കാളൻ, ഗോതമ്പ് പായസം എന്നിവയാകും വിഭവങ്ങൾ. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തർ നാളെ ദ്വാദശി ദിനത്തിൽ ദ്വാദശി പണം സമർപ്പിച്ചാണ് മടങ്ങുക. ഇന്ന് രാത്രി 12 മുതൽ ക്ഷേത്രനട കാലത്ത് അടക്കുന്നത് വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണി വരെ മാത്രമേ ദർശന സൗകര്യം ഉണ്ടാകൂ. ദ്വാദശി പണ സമർപ്പണത്തിന് ശേഷം രാവിലെ ഒൻപത് മണിയോടെ ക്ഷേത്ര നടയടക്കും. പിന്നീടുള്ള പൂജ, ശീവേലി എന്നിവ വൈകിട്ട് മൂന്നരയ്ക്ക് ക്ഷേത്രനട തുറന്നശേഷമേ നടക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *