Home » Blog » kerala Max » ശബരിമല ദർശനം: കൊള്ളലാഭം കൊഴ്ത് അയൽസംസ്ഥാന ട്രാവൽ ഏജൻസികൾ; അന്വേഷണം
10

ശബരിമല : തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ദർശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണ് ശബരിമലയിലെ തീർഥാടക പ്രവാഹത്തിൽ കുറവുവരാൻ കാരണമെന്നു പൊലീസിന്റെയും റവന്യു വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ. തിരിച്ചറിയൽ രേഖയും ഫോൺ നമ്പറും വാങ്ങി വൻകിട ട്രാവൽ ഏജൻസികൾ ഓരോ ദിവസത്തെയും സ്ലോട്ട് കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. തുടർന്നു വെർച്വൽ ക്യൂ കൂപ്പൺ പ്രിന്റ് എടുത്ത്, ഈ സ്ലോട്ട്, തീർഥാടകർക്കു വിൽക്കുന്നു എന്നാണു വിവരം.

ഒടിപി പോലുള്ള സംവിധാനം ആവശ്യമില്ലാത്തതിനാൽ തട്ടിപ്പിനു സാധ്യത ഏറുന്നു. ബുക്കിങ് സമയത്തു നൽകിയ തിരിച്ചറിയൽ രേഖ തന്നെ യാത്രയിൽ കൈവശം കരുതണം എന്നു നിർദേശമുണ്ടെങ്കിലും ഇതു പരിശോധിക്കുന്നില്ല. പുതിയ സാഹചര്യത്തിൽ മാസ് ബുക്കിങ് നിർത്തലാക്കി ബുക്കിങ് രീതി പരിഷ്കരിക്കാൻ പൊലീസും റവന്യു വകുപ്പും ദേവസ്വം ബോർഡിനു റിപ്പോർട്ട് നൽകും.

ഇതിനിടെ, പ്രതിദിനം ഒരുലക്ഷം പേർക്കു വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കാനുള്ള സാധ്യത ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സ്പോട് ബുക്കിങ്ങും വർധിപ്പിച്ചേക്കും. ഇതുസംബന്ധിച്ചു സ്പെഷൽ കമ്മിഷണർ ഹൈക്കോടതിക്കു റിപ്പോർട്ട് സമർപ്പിക്കും. ‌ഈ മാസം 30 വരെ ദിവസവും 5000 പേർക്കു കൂടി വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനം നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സ്പോട് ബുക്കിങ്ങും കൂട്ടും.

80,000 പേർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ, സ്പോട് ബുക്കിങ് വഴി ദർശനം അനുവദിച്ചിരിക്കുന്നത്. ഇതിൽ 66,000 പേർക്കാണു വെർച്വൽ ക്യൂ വഴി ദർശനം. കണക്കിൽ മുഴുവൻ സ്ലോട്ടും ബുക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും പകുതി പേർ മാത്രമേ ദർശനത്തിന് എത്തുന്നുള്ളൂ. ഇതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനത്തെ ഉൾപ്പെടെ കാര്യമായി ബാധിച്ചു. ദർശനത്തിന് ഇക്കുറി ഭക്തർ കുറഞ്ഞത് അന്വേഷിക്കാൻ മന്ത്രി കെ.മുരളീധരൻ, ശബരിമല ചീഫ് കോ ഓർഡിനേറ്റർ എഡിജിപി പി.വിജയനു നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *