Your Image Description Your Image Description

ഫെബ്രുവരി 1ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിക്കും. 2024-25   സാമ്പത്തിക വർഷത്തേക്കുള്ള ഈ ബജറ്റ്, നിർമലാ സീതാരാമന്റെ  തുടർച്ചയായ ആറാമത്തെ ബജറ്റ് അവതരണമാണെന്നത് കൗതുകകരമായ കാര്യമാണ്.

ദൈർഘ്യ – ഹ്രസ്വമായ ബജറ്റ് പ്രസംഗങ്ങൾ

ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് നിലവിലെ  ധനകാര്യമന്ത്രിയായ നിർമലാ സീതാരാമനാണ്. 2020 ഫെബ്രുവരി 1ാം തീയതി 2 മണിക്കൂറും 42 മിനിറ്റുമാണ് നിർമലാ സീതാരാമൻ  ബജറ്റ് പ്രസംഗം നടത്തിയത്. 2019ൽ നിർമലാ സീതാരാമൻ അവതരിപ്പിച്ച  തന്റെ ആദ്യ ബജറ്റ് അവതരണത്തിന്  2 മണിക്കൂർ 17 മിനിറ്റ് എടുത്തിരുന്നു. ഈ റെക്കോർഡാണ് പിറ്റേവർഷം തിരുത്തപ്പെട്ടത്.

ഹീരുഭായ് മുൽജിഭായ് പട്ടേലാണ് ഇന്ത്യാ ചരിത്രത്തിലെ ഹ്രസ്വമായ ബജറ്റ് അവതരണം നടത്തിയത്. 1977-79 കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന മൊറാർജി – ദേശായ് സർക്കാരിലെ ധനമന്ത്രിയായിരുന്നു അദ്ദേഹം. 1977ൽ 800 വാക്കുകൾ മാത്രമാണ് ബജറ്റ് അവതരണത്തിൽ അദ്ദേഹം സംസാരിച്ചത്.

ബജറ്റ് പ്രസംഗത്തിൽ കൂടുതൽ വാക്കുകൾ

വാക്കുകളുടെ അടിസ്ഥാനത്തിൽ ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് ഡോ. മൻമോഹൻ സിങ്ങാണ്. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 1991 ലാണ് ബജറ്റ് അവതരിപ്പിച്ചത്. 18,650 വാക്കുകളാണ് അദ്ദേഹം സംസാരിച്ചത്. ഇക്കാര്യത്തിൽ അരുൺ ജയ്റ്റ്ലിയാണ് രണ്ടാം സ്ഥാനത്ത്.  2018ൽ ബജറ്റ് അവതരിപ്പിച്ച അരുൺ ജയ്റ്റ്ലി, 18604 വാക്കുകളാണ് ഉച്ചരിച്ചത്.

ബജറ്റ് അവതരണം; പ്രധാനമന്ത്രി

ധനകാര്യ മന്ത്രിമാരാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളതെങ്കിലും, ഇന്ത്യൻ പ്രധാനമന്ത്രിമാരും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റുവാണ് ആദ്യ ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി. 1958ൽ ധനമന്ത്രി രാജി വച്ച അസാധാരണ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 1970ൽ ഇന്ദിരാഗാന്ധിയും, 1987-88 കാലഘട്ടത്തിൽ രാജീവ് ഗാന്ധിയും ആണ് കേന്ദ്ര ധനമന്ത്രിമാരുടെ രാജിയെത്തുടർന്ന് ബജറ്റ് അവതരിപ്പിച്ച മറ്റ് പ്രധാനമന്ത്രിമാർ.

പേപ്പർ രഹിത ബജറ്റ്

2021 ൽ  ധനമന്ത്രി നിർമലാ സീതാരാമൻ മറ്റൊരു റെക്കോർഡും ബജറ്റ് അവതരണത്തിൽ സൃഷ്ടിച്ചു. കോവിഡിനെ തുടർന്ന് കേന്ദ്രബജറ്റിന്റെ ഡിജിറ്റൽ അവതരണമായിരുന്നു നിർമലാ സീതാരാമൻ നടത്തിയത്. ഡിജിറ്റൽ ടാബ്ലറ്റിലൂടെയാണ് ബജറ്റ് പ്രസംഗം അവർ വായിച്ചത്. പ്രസംഗം പൂർത്തിയായതോടെ ബജറ്റ് സംബന്ധമായ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കി. കോവിഡ് കാലത്ത് ഫിസിക്കൽ കോണ്ടാക്ട് ഒഴിവാക്കാൻ തുടക്കമിട്ട പേപ്പർരഹിത ബജറ്റാണ് ഇപ്പോഴും ഉള്ളത്. 2023 ബജറ്റും, നിർമലാ സീതാരാമൻ ഡിജിറ്റലായിട്ടാണ് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *