Your Image Description Your Image Description

പാലക്കാട്: പാലക്കാട് ന​ഗരത്തിൽ തുടങ്ങാനിരിക്കുന്ന മാളിന്റെ ഉടമസ്ഥാവകാശ സർടിഫിക്കറ്റിനായി ഉടമകൾ തഹസിൽദാറെ സമീപിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. ഓരോ തവണയും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് അത് മുടക്കും. ഹൈക്കോടതി ഉത്തരവുമായി എത്തിയിട്ടും ഒരു വര്‍ഷത്തോളം അപേക്ഷകരെ ഉദ്യോഗസ്ഥൻ ഓഫീസ് കയറ്റിയിറക്കി. ഒടുവിൽ കഴിഞ്ഞ ദിവസം നടത്തിയ അറ്റകൈ പ്രയോഗത്തിൽ തഹസിൽദാര്‍ കുടുങ്ങുകയായിരുന്നു. പാലക്കാട് തഹസിൽദാരുടെ അധിക ചുമതല വഹിച്ചിരുന്ന ഭൂരേഖ തഹസില്‍ദാർ വി സുധാകരനാണ് അറസ്റ്റിലായത്.

കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉൾപ്പെടെ ചേര്‍ത്താണ് പുതുവര്‍ഷത്തലേന്ന് മാൾ ഉടമകള്‍ അപേക്ഷ നല്‍കിയത്. അപ്പോൾ വിദേശമദ്യവും കേക്കും ചോക്ലേറ്റും ചെലവായി ആവശ്യപ്പെട്ടു. പറഞ്ഞത് പോലെ എല്ലാം കൊണ്ടുവന്ന് കൊടുത്തപ്പോൾ പിന്നെ അഞ്ച് ലക്ഷം രൂപ കൂടി വേണമെന്നായി ആവശ്യം. വലിയൊരു പദ്ധതിക്ക് ആയതിനാൽ ചെലവ് വേണമെന്നായിരുന്നു ന്യായീകരണം. ഇതിനു അഡ്വാൻസ് ആയി ഒരു ലക്ഷം രൂപ ഉടനെ വേണം എന്നായിരുന്നു ആവിശ്യം . ഒരു വിധത്തിലും കൈവശാവകാശ രേഖ കിട്ടാതായതോടെയാണ് ഉടമകള്‍ വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സ് നിർദേശിച്ചത് പ്രകാരം 50,000 രൂപയുമായി മാൾ ഉടമകള്‍ എത്തി. വൈകുന്നേരം അഞ്ച് മണിയോടോ ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ കൈയോടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വി സുധാകരനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നാലെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സുധാകരന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. തഹസിൽദാറുടെ ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചിരിക്കുകയാണ്. പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം. ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തഹസിൽദാറെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *