ചെന്നൈ: കലൈഞ്ജറുടെ കൊച്ചുമകനും എം.കെ. സ്റ്റാലിന്റെ മകനുമായ തനിക്ക് അറസ്റ്റ് വരിക്കുക എന്നത് അത്ര പേടിപ്പെടുത്തുന്ന കാര്യമല്ലെന്ന് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. നടി തൃഷ കൃഷ്ണനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ പോലീസ് അറസ്റ്റിലായ ഉദയനിധി ചൊവ്വാഴ്ച അർധരാത്രിയോടെ മോചിതനായിരുന്നു. ഇതിന് പിന്നാലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഉദയനിധി തന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ഉയർത്തിക്കാട്ടി പോസ്റ്റിടുകയായിരുന്നു. കൂടാതെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കരൂരിൽ വിജയ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയുണ്ടായ അപകടം എടുത്തികാട്ടിയായിരുന്നു ഉദയനിധിയുടെ വിമർശനം.
ടിവികെയുടെ രാഷ്ട്രീയ നീക്കങ്ങളെ വിമർശിച്ച അദ്ദേഹം, തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടരുന്ന പോരാളിയാണ് താനെന്നും ജനസേവനത്തിനിടയിൽ ഇത്തരം അറസ്റ്റുകളെ ഭയപ്പെടുന്നില്ലെന്നും കർഷകർക്കായി ഇനിയും നൂറുതവണ വേണമെങ്കിലും തടവുശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ആരെയൊ തൃപ്തിപ്പെടുത്താൻ വേണ്ടി ടിവികെയുടെ ഭാഗത്തുനിന്നുള്ള ഇത്തരം അടവുകളെ താൻ ഭയപ്പെടുന്നില്ലെന്നും ഉദയനിധി പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിപക്ഷ നേതാവിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്. പിന്നാലെയാണ് വീട്ടിലെത്തി അച്ഛനെ സന്ദർശിച്ചതിന്റെ ചിത്രമടക്കം ഉൾപ്പെടുത്തി ഉദയനിധി എക്‌സിൽ പോസ്റ്റിട്ടത്.
ഉദയനിധിയുടെ എക്‌സ് പോസ്റ്റ് കുറിപ്പ്:
‘ഞാൻ കലൈഞ്ജറുടെ പേരക്കുട്ടിയും എം.കെ. സ്റ്റാലിന്റെ മകനുമാണ്. ഞാൻ ഡിഎംകെയുടെ ഒരു പോരാളിയാണ്. ഇങ്ങനെയുള്ള തന്ത്രങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല. കർഷകർക്കായി പോരാടുന്നതിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ഒന്നല്ല 100 തവണയായാലും അതിന് തയ്യാറാണ്. നിങ്ങളുടെ അടിച്ചമർത്തലുകൾ ഒരു ദിവസം പോലും ജനങ്ങൾക്കായുള്ള ഞങ്ങളുടെ സേവനത്തെ തടസ്സപ്പെടുത്തില്ല!’
‘കർഷകരുടെ സങ്കടങ്ങൾ തുടച്ചുനീക്കാൻ കഴിവില്ലാത്ത #SofaModel സർക്കാർ, യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നെ അറസ്റ്റ് ചെയ്തത്. ഭരണകക്ഷിയുടെ ‘അബ്യൂസീവ് വാരിയേഴ്‌സിനെ’ (Abusive warriors) ഉപയോഗിച്ച്, തഞ്ചാവൂർ പ്രതിഷേധത്തിനിടെ ഞാൻ അനാവശ്യമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് പ്രചരിപ്പിച്ച് അവർ എന്നെ അപകീർത്തിപ്പെടുത്തി. ചെന്നൈയിൽ നിന്ന് തഞ്ചാവൂരിലേക്ക് എന്നെ വലിച്ചിഴച്ച് പീഡിപ്പിക്കാമെന്നും ആരെയോ തൃപ്തിപ്പെടുത്താമെന്നും കരുതി അവർ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തു. അതുപോലെ ഈ അറസ്റ്റിനെ താൻ വളരെ ലാഘവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്നെ അറസ്റ്റ് ചെയ്തിട്ടും, മാധ്യമങ്ങളെ നോക്കി ഈ അറസ്റ്റിനെ ഞാൻ ഒരു കോമഡിയായാണ് കാണുന്നതെന്ന് പറഞ്ഞു. പോലീസിനെ കണ്ട് ഞാൻ പേടിച്ച് ഓടിയില്ല.’ കരൂരിൽ വിജയ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ്‌യുടെ അന്നത്തെ ചെയ്തികളെയും ഉദയനിധി പരിഹസിച്ചു.
‘ഇന്നത്തെ മുഖ്യമന്ത്രി, കരൂരിൽ 41 പേർ മരിച്ചിട്ടും അവരുടെ കുടുംബങ്ങളെ കാണാനോ മാധ്യമങ്ങളെ അഭിമുഖീകരിക്കാനോ നിൽക്കാതെ, അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്ന് അദ്ദേഹം തലങ്ങും വിലങ്ങും ഓടിയത് രാജ്യം മുഴുവൻ അറിയാം. കരൂരിൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും – അതേ വ്യക്തി തന്നെയാണ് അടുത്ത ഒരു മാസത്തിനുള്ളിൽ സിനിമാ പ്രചാരണത്തിനായി മലേഷ്യയിൽ പോയി നൃത്തം ചെയ്തത്. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ അറസ്റ്റിനെ ഭയപ്പെടാം. എന്നാൽ എനിക്ക് അതിലൊന്നിലും ഭയമില്ല.’ ഉദയനിധി പറഞ്ഞു.
