കൊച്ചി: കടയുടമ പറഞ്ഞയച്ചതാണെന്ന് വിശ്വസിപ്പിച്ച് സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജംക്ഷന് സമീപമുള്ള സ്ഥാപനത്തിലാണ് ഇന്നലെ തട്ടിപ്പ് നടന്നത്. മാന്യമായ വസ്ത്രവും മാസ്കും ധരിച്ചെത്തിയ മധ്യവയസ്കനാണ് ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത്. വൈകിട്ട് മൂന്നരയോടെയാണ് ഇയാൾ സ്ഥാപനത്തിലെത്തിയത്. സംഭവത്തിന് അരമണിക്കൂർ മുമ്പ് കടയുടമയുണ്ടോയെന്ന് അന്വേഷിച്ച് ഇയാൾ സ്ഥാപനത്തിൽ എത്തിയിരുന്നു. പിന്നീട് വീണ്ടും ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഇയാൾ കടയിലെത്തിയത്.
‘കടയുടമയാണ് ഫോണിൽ സംസാരിക്കുന്നത്. ഡോക്യുമെന്റും കൗണ്ടറിലുള്ള പണവും നൽകാൻ പറഞ്ഞു’ എന്ന് ഇയാൾ ജീവനക്കാരിയോട് അറിയിച്ചു. ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമായിരുന്ന ജീവനക്കാരി തട്ടിപ്പ് തിരിച്ചറിയാതെ പണമെടുത്ത് നൽകി. പണം എണ്ണാൻ തുടങ്ങിയപ്പോൾ ‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’ എന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. തുടർന്ന് അതിവേഗം കടയിൽനിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പണം നൽകിയ ഉടൻ ജീവനക്കാരി കടയുടമ റിജാസ് കരീമിനെ വിളിച്ച് വിവരം അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. തുടർന്ന് ഉടൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. റിജാസ് കരീമിന്റെ മൊഴിയെടുക്കുന്നതിനായി പൊലീസ് ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കൊച്ചിയിൽ നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഒരു കേസിൽ കുറച്ചുകാലം ജയിലിൽ കഴിഞ്ഞിരുന്നുവെന്നും വിവരമുണ്ട്.
കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസും സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിച്ചേരിയിലെ സ്ഥാപനത്തിലെത്തി കടയുടമയാണെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച്, മറ്റൊരാളെക്കൊണ്ട് ഫോണിൽ വിളിപ്പിച്ചായിരുന്നു 7,500 രൂപ തട്ടിയെടുത്തത്. വൈറ്റിലയിൽ തട്ടിപ്പ് നടത്തിയയാൾ തന്നെയാണ് ഈ സംഭവത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
