തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്.
അതേസമയം, കാസർഗോഡ്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും മൂന്ന് ദിവസവും മഴ തുടരാനാണ് സാധ്യത.
മഴയുടെ തീവ്രത ചിലയിടങ്ങളിൽ കുറഞ്ഞെങ്കിലും മലയോര മേഖലകളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.
