Home » Blog » kerala Max » മലപ്പുറം കുറ്റിപ്പുറം ബസ് അപകടം; ഡ്രൈവർക്ക് നോട്ടീസ് നൽകി പൊലീസ്
kuttippuram-680x450

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി.) റിപ്പോർട്ട്. റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടസ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടായിരുന്നു. നിശ്ചിത പരിധിയുടെ ഇരട്ടിയിലധികം വേഗത്തിലെത്തിയ ബസിന് രണ്ടാമത്തെ വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിന് പൊലീസ് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടുണ്ട്.

വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണെങ്കിലും, അപകടത്തിൽ പെട്ട ബസ് അതിലും എത്രയോ കൂടിയ വേഗതയിലാണ് ഓടിയതെന്ന് എം.വി.ഡി. കണ്ടെത്തുന്നു. ഈ അമിതവേഗത ‘ഹൈഡ്രോപ്ലെയിനിങ്ങിനും’ (റോഡിലെ വെള്ളത്തിൽ ടയർ ഒട്ടിപ്പിടിക്കാതെ തെന്നിമാറുന്ന അവസ്ഥ) കാരണമായി. ജൂലൈ 26ന് നടന്ന ഈ ദാരുണ അപകടത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിഫെൻഡർ’ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ഷബീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

സഹോദരനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി 31കാരൻ വൈഷ്ണവാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.