ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തിര ആവശ്യങ്ങൾക്കൊഴികെ ജില്ലയിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിലവിൽ ജില്ലയിലുള്ള വിനോദസഞ്ചാരികൾ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും നിർത്തിവെക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മഴ ശക്തമായതോടെ ജില്ലയിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാ ജലവിനോദങ്ങളും അലർട്ടുകൾ പിൻവലിക്കുന്നത് വരെ നിർത്തിവെച്ചു. ട്രക്കിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങൾക്കും നിരോധനമുണ്ട്. കൂടാതെ റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ മലയോര മേഖലകളിൽ വൈകീട്ട് 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള രാത്രിയാത്രകൾ നിരോധിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കൊഴികെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവായി.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. തോട്ടം മേഖലയിലും അപകട സാധ്യത നിലനിൽക്കുന്നതിനാൽ എസ്റ്റേറ്റ് ഉടമകളും തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം. ആർ.ടി.ഒയുടെ നേതൃത്വത്തിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കുന്നതിനായി മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
