
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി പരിമിതമായ ആദിവാസി മേഖലകളിലേക്ക് ബ്രോഡ്ബാൻഡ് സേവനം വ്യാപിപ്പിക്കുന്നതിനുമായി കെഫോൺ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. നിലവിലുള്ള നെറ്റ്വർക്ക് സാങ്കേതികമായി നവീകരിക്കുന്നതിനൊപ്പം വിദൂര ആദിവാസി മേഖലകളിലേക്ക് കൂടുതൽ കാര്യക്ഷമമായ കണക്റ്റിവിറ്റി എത്തിക്കുകയാണ് ലക്ഷ്യം.
ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനം കൂടുതൽ വ്യാപകമാക്കുന്നതിലൂടെ വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഉപജീവനം തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കൂടുതൽ അവസരമൊരുങ്ങും. ഇതിനായി കെഫോൺ നെറ്റ്വർക്ക് അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ലാസ്റ്റ്മൈൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പരിഗണിക്കും.
കെഫോൺ പോപ്പു (PoP)കളിൽ നിന്ന് വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്നതിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള സേവനദാതാക്കളുടെ പങ്കാളിത്തവും പദ്ധതിയിൽ പ്രധാനമാണ്. കണക്റ്റിവിറ്റി പരിമിതമായ ഗ്രാമീണ, ആദിവാസി മേഖലകളിലെ കെഫോൺ പോപ്പുകളിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ഇതിലൂടെ വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനൊപ്പം നെറ്റ്വർക്ക് സേവനങ്ങളുടെ സ്ഥിരതയും മെച്ചപ്പെടുത്താനാണ് കെഫോൺ അധികൃതർ ലക്ഷ്യമിടുന്നത്.
