Home » Blog » Kerala » ‘ഇറാനെതിരെ യുദ്ധം മാത്രമാണ് പോംവഴി‘ എന്ന് നെതന്യാഹു; ‘സംഘർഷത്തിന് ഉടൻ അയവ് വരുത്തണം, സമാധാനമാണ് പ്രധാനം’ എന്ന് സൗദി; ട്രംപിനെ ത്രിശങ്കുവിലാക്കി രണ്ട് വിരുദ്ധ നിലപാടുകൾ
9

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ നിന്ന് നയതന്ത്രപരമായ പരിഹാരം തേടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ രണ്ട് വിരുദ്ധ നിലപാടുകൾ. പ്രധാന സഖ്യരാജ്യങ്ങളായ ഇസ്രയേലും സൗദി അറേബ്യയും വ്യത്യസ്ത ആവശ്യങ്ങളാണ് അമേരിക്കയ്ക്ക് മുന്നിൽവെച്ചിരിക്കുന്നത്. ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം. എന്നാൽ യുദ്ധം നീണ്ടുപോകുന്നത് മേഖലയിൽ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും സംഘർഷത്തിന് ഉടൻ അയവ് വരുത്തണമെന്നുമാണ് സൗദി അറേബ്യയുടെ നിലപാട്.

ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു ഇറാനുമായുള്ള ചർച്ചകൾ കൊണ്ട് ഫലമുണ്ടാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇറാനെ സമ്മർദത്തിലാക്കാൻ സൈനിക ആക്രമണങ്ങളും സാമ്പത്തിക ഉപരോധങ്ങളും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം വീണ്ടും ആരംഭിക്കുന്നതടക്കമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.

എന്നാൽ തൊട്ടടുത്ത ദിവസം വാഷിംഗ്ടണിലെത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ മറ്റൊരു സന്ദേശമാണ് ട്രംപിന് നൽകിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും കണ്ടത്. മേഖലയിൽ സംഘർഷം രൂക്ഷമാക്കാൻ നെതന്യാഹു ശ്രമിക്കുന്നുവെന്നും യുദ്ധത്തിന് പകരം സമാധാനം പുനഃസ്ഥാപിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.