Home » Blog » Kerala » “ഇരവാദം കളിക്കുന്ന മോദിയുടെ വീഡിയോ രാജ്യത്തിന് അപമാനം, ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല” – ജയറാം രമേശ്
8

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺ​ഗ്രസ്. മോദി ഇരവാദം ഇറക്കുകയാണെന്നും കേന്ദ്രസർക്കാർ മാപ്പ് പറയണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നതെന്നും കോൺ​ഗ്രസ് വിമർശിച്ചു. മോദിയെ അധിക്ഷേപിച്ച വിദ്യാർത്ഥി ഇതിനിടെ പരസ്യമായി മാപ്പ് പറഞ്ഞു. ഇന്നലെ അ‌ർദ്ധരാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജന്തർ മന്തറിലെ സമരത്തിനിടെ തന്നെയും മരിച്ചുപോയ അമ്മയെയും അധിക്ഷേപിച്ചവർക്ക് മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ആ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം സമൂഹം തിരുത്തണമെന്നും മോദി പറഞ്ഞു. എന്നാൽ ഇരവാദം കളിക്കുന്ന മോദി രാഷ്ട്രീയ എതിരാളികൾക്കെതിരെ പാർലമെന്റിലടക്കം മോശം ഭാഷ പ്രയോ​ഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാളാണെന്ന് ജയറാം രമേശ് വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയിലും സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതിലും രാമക്ഷേത്രത്തിലെ കൊള്ളയിലുമെല്ലാം മോദി മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. അവരോട് ക്ഷമിച്ചു എന്ന് മോദി പറയുന്നത് വിചിത്രമാണ്. മോദിയുടെ വീഡിയോ രാജ്യത്തിന് അപമാനമാണെന്നും ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെ മോദിക്ക് ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.