തിരുവനന്തപുരം: അരി, ഗോതമ്പ് ഉൾപ്പെടെയുള്ള റേഷൻ ധാന്യങ്ങൾ എ.ടി.എം. മാതൃകയിലുള്ള ധാന്യവിതരണ യന്ത്രങ്ങളിലൂടെ ലഭ്യമാക്കുന്ന പദ്ധതി കേരളത്തിലും പരിഗണനയിൽ. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഒഡീഷയിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്.
ഭുവനേശ്വറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് നിലവിലുള്ളത്. റേഷൻ കാർഡുടമകൾക്ക് ആധാർ, റേഷൻ കാർഡ് വിവരങ്ങൾ നൽകി ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയാൽ അഞ്ചു മിനിറ്റിനുള്ളിൽ ആവശ്യമായ ധാന്യങ്ങൾ മെഷീനിൽ നിന്ന് ലഭിക്കും. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ (WFP) സഹകരണത്തോടെയാണ് ഒഡീഷയിൽ ആദ്യ ധാന്യ എ.ടി.എം. സ്ഥാപിച്ചത്. ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏത് ഭാഗത്തുനിന്നും അർഹതപ്പെട്ട റേഷൻ വാങ്ങാനുള്ള സൗകര്യവും ഈ സംവിധാനത്തിലുണ്ട്.
പദ്ധതിയുടെ സാങ്കേതികവും പ്രായോഗികവുമായ സാധ്യതകൾ സിവിൽ സപ്ലൈസ് വകുപ്പ് വിശദമായി പഠിക്കും. പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി ആരംഭിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും നിലവിലെ റേഷൻ കടയുടമകളുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കി.
