പാരിസ്: പാരീസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ രണ്ട് പേർ ഗർഭിണികളാണ്. പാരീസിലെ പോർട്ട് ഡി ക്ലിഷി കോടതി സമുച്ചയത്തിന് സമീപമായിരുന്നു സംഭവം. കശാപ്പിന് ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. 19, 24, 36 വയസ്സുള്ള സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടത്.
ആക്രമണത്തിനിടെ “അല്ലാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്യുന്നത്” എന്ന് യുവാവ് വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. നീണ്ട മുടിയും ക്രീം നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരു സ്ത്രീയെ കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രതിയെ തടയാൻ ശ്രമിച്ചു. മുഹമ്മദ് അലി ബൗഹദ്ജാർ എന്ന 26-കാരൻ ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നാണ് അക്രമിയെ കീഴടക്കിയത്. ഒരാൾ സ്യൂട്ട്കേസ് എറിഞ്ഞതോടെ പ്രതിയുടെ കൈയിൽ നിന്നുള്ള കത്തികൾ താഴെ വീണു. തുടർന്ന് നാട്ടുകാർ ഇയാളെ നിലത്തുവീഴ്ത്തി പിടിച്ചുവെക്കുകയും വിവരം ലഭിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലവും പ്രതിയുടെ ലക്ഷ്യവും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു.
