Home » Blog » kerala Max » വിഴിഞ്ഞം തുറമുഖ വിവാദം; ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റത്തിൽ ആരോപണവുമായി കെ.കെ. രാഗേഷ്
RAGESH-680x450

വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ അടിയന്തരമായി മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കരാർ വ്യവസ്ഥകളിൽ വ്യതിയാനം വരുത്താനുള്ള അദാനി അധികൃതരുടെ നീക്കങ്ങളെ സംസ്ഥാന താത്പര്യം മുൻനിർത്തി അതീവ ജാഗ്രതയോടെ തടഞ്ഞ ഉദ്യോഗസ്ഥയായിരുന്നു ദിവ്യയെന്ന് കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. മുൻപ് അവരെ മാറ്റാൻ അദാനി ഗ്രൂപ്പ് ശ്രമിച്ചപ്പോൾ, “പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി, ഉദ്യോഗസ്ഥരെ ഞങ്ങൾ നോക്കിക്കോളാം” എന്ന ശക്തമായ നിലപാടായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

ഭരണമാറ്റം ഉണ്ടായ ഉടൻ തന്നെ ദിവ്യ എസ്. അയ്യരെ രായ്ക്കുരാമാനം തൽസ്ഥാനത്ത് നിന്ന് മാറ്റിയ പുതിയ സർക്കാരിന്റെ നടപടി ദുരൂഹമാണെന്ന് രാഗേഷ് ആരോപിക്കുന്നു. തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യാതൊരുവിധ മുൻപരിചയവുമില്ലാത്ത ഉദ്യോഗസ്ഥനെയാണ് പകരം നിയമിച്ചിരിക്കുന്നത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ മംഗലാപുരത്തുപോയി അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫലങ്ങളാണ് ഇപ്പോൾ ഓരോന്നായി പുറത്തുവരുന്നതെന്നും ഇതിന് പിന്നിലെ യഥാർത്ഥ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ധനകാര്യത്തോടൊപ്പം തുറമുഖ വകുപ്പും സ്വന്തമായി ഏറ്റെടുക്കുന്നതെന്നും കെ.കെ. രാഗേഷ് വിമർശിച്ചു. വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെ സ്വന്തം ഓഫീസിലെ സെക്രട്ടറിയെത്തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ്. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുത്ത മികച്ചൊരു ഉദ്യോഗസ്ഥയെ മാറ്റിയതിലൂടെ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയാണ് പുതിയ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.