
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിച്ച സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻകൂട്ടി ഇമെയിൽ വഴി നോട്ടീസ് അയച്ചിരുന്നെങ്കിലും പിണറായി വിജയന്റെ ഭാഗത്തുനിന്ന് മറുപടിയോ നോട്ടീസ് കൈപ്പറ്റിയതായുള്ള സ്ഥിരീകരണമോ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പി.എം.എൽ.എ നിയമപ്രകാരം താമസസ്ഥലത്ത് നേരിട്ടെത്തി നോട്ടീസ് പതിക്കേണ്ടി വന്നതെന്ന് ഇഡി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് പാലിച്ചതെന്നും ഇതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 23) ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. എന്നാൽ, ഇഡി സംഘം വീട്ടിലെത്തുമ്പോൾ പിണറായി വിജയനും കുടുംബവും കണ്ണൂരിലായതിനാൽ വീട് പൂട്ടിയിരുന്ന നിലയിലായിരുന്നു. തപാൽ മാർഗ്ഗം നോട്ടീസ് ലഭിക്കുമെന്ന് കരുതിയ സ്ഥാനത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ നോട്ടീസ് പതിച്ച വിവരം അറിഞ്ഞയുടൻ വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖ സി.പി.എം നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, ഇഡി സമൻസ് ലഭിച്ചെങ്കിലും വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിൽ പിണറായി വിജയൻ ഹാജരായേക്കില്ലെന്നാണ് സൂചന. നിലവിലെ നിയമസഭാ സമ്മേളനവും സുപ്രീം കോടതിയിലെ കേസുകളും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇഡിക്ക് മറുപടി നൽകാനാണ് സാധ്യത. സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സ്റ്റേ ഉത്തരവ് ലഭിച്ചാൽ ഇഡി ചോദ്യം ചെയ്യലിൽ നിന്ന് താൽക്കാലികമായി ഒഴിവാകാമെന്ന കണക്കുകൂട്ടലിലാണ് പ്രതിരോധ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
