Home » Blog » Kerala » ആട്ടിറച്ചിയും വൈനും കിവി പഴങ്ങളും ഇനി വിലക്കുറവിൽ; ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാറിന് തുടക്കം
images (12)

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി, ന്യൂസിലൻഡിൽ നിന്നുള്ള വിവിധ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ആദ്യഘട്ട കസ്റ്റംസ് തീരുവ ഇളവുകൾ ഇന്ത്യ പ്രഖ്യാപിച്ചു. വൈൻ, മനുക ഹണി, കിവി പഴങ്ങൾ, ആട്ടിറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങൾ കുറഞ്ഞ നികുതിയോടെ ഒക്ടോബർ 20 മുതൽ ഇന്ത്യയിലേക്ക് എത്താൻ തുടങ്ങും.

 

പുതിയതും ശീതീകരിച്ചതുമായ ആട്ടിറച്ചിയുടെ ഇറക്കുമതിക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്, ഹെൽത്ത് സെസ് എന്നിവ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോഗ്രാമിന് 2.50 അമേരിക്കൻ ഡോളറോ അതിൽ കൂടുതലോ വിലയുള്ള കിവിപ്പഴങ്ങൾക്ക് 15 ശതമാനമായിരിക്കും അടിസ്ഥാന കസ്റ്റംസ് തീരുവ. പട്ടികയിൽ ഉൾപ്പെടുത്തിയ ചില മത്സ്യങ്ങൾക്ക് 25.71 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ ബാധകമാക്കിയിട്ടുണ്ട്. ഇവയ്ക്ക് മറ്റ് സെസുകൾ ബാധകമല്ലെങ്കിലും, എല്ലാ മത്സ്യങ്ങൾക്കും ഒരേ നിരക്കായിരിക്കില്ല.

 

തിരഞ്ഞെടുത്ത ചില ഉൽപ്പന്നങ്ങൾക്ക് താരിഫ് റേറ്റ് ക്വോട്ട സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിശ്ചിത അളവിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും പ്രത്യേക തീരുവ ഇളവ് ലഭിക്കുക. ഇളവുകൾ ലഭിക്കാൻ ഉൽപ്പന്നങ്ങൾ ന്യൂസിലൻഡിൽ നിന്നുള്ളതാണെന്ന് തെളിയിക്കുന്ന ഒറിജിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യമാണ്. അതേസമയം,പാലുൽപ്പന്നങ്ങൾക്കും പ്രധാനപ്പെട്ട മറ്റ് ചില കാർഷിക ഉൽപ്പന്നങ്ങൾക്കും ഈ ഇളവുകൾ ബാധകമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *