
തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ആദ്യ ഘട്ടം മുതൽ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുന്ന ശക്തമായ സംവിധാനം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ നടന്ന ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനവും രോഗീസംഗമവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗനിർണ്ണയ പരിശോധനകൾ നടത്തുന്ന ‘ഹൃദയരാഗം’ പദ്ധതി നിലവിൽ ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണെന്നും പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിച്ച് പാലിയേറ്റീവ് പരിചരണവുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാലിയേറ്റീവ് പരിചരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേവലം ഒരു കാരുണ്യപ്രവർത്തനം എന്നതിനപ്പുറം അവകാശാധിഷ്ഠിതവും ജനകീയവുമായ ഒരു ആരോഗ്യപ്രവർത്തനമായി ഇതിനെ വികസിപ്പിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനോടൊപ്പം രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ കൂടി ഉറപ്പാക്കാൻ നമ്മുടെ പാലിയേറ്റീവ് ശൃംഖലയ്ക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാഥമിക ആരോഗ്യസംവിധാനത്തെയും പാലിയേറ്റീവ് പരിചരണത്തെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും യുവതലമുറ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി എസ്.എസ്.എൽ.സി പാസായവർക്കായി ആരോഗ്യസർവകലാശാലയിൽ പാലിയേറ്റീവ് പരിചരണത്തിൽ പ്രത്യേക സർട്ടിഫിക്കറ്റ് കോഴ്സ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാർഡ് കൗൺസലർ ഷേർളി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, രോഗികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
