
സകല റെക്കോഡുകളും തകർത്ത് തിയറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് ‘ജയിലർ 2’. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ മലയാള നടൻ ഹക്കിം ഷാജഹാനും അഭിനയിച്ചിരുന്നു. എന്നാൽ സിനിമയുടെ റിലീസിന് പിന്നാലെ മോഹൻലാൽ ആരാധകർക്കിടയിൽ വലിയ നിരാശയാണ് നിലനിൽക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെയും മറ്റ് പ്രധാന താരങ്ങളുടെയും നിരവധി സീനുകൾ എഡിറ്റിംഗിൽ വെട്ടിമാറ്റിയെന്ന കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു.
ഇതിനിടയിലാണ് ചിത്രത്തിൽ തന്റെ നാലോ അഞ്ചോ സീനുകൾ എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടതിൽ യാതൊരു വിഷമവുമില്ലെന്ന് വ്യക്തമാക്കി നടൻ ഹക്കിം ഷാജഹാൻ രംഗത്തെത്തിയത്. സിനിമയിൽ ഏതൊക്കെ രംഗങ്ങൾ ഉൾപ്പെടുത്തണം, ഏതൊക്കെ ഒഴിവാക്കണം എന്നത് പൂർണ്ണമായും സംവിധായകന്റെയും എഡിറ്ററുടെയും മാത്രം തീരുമാനമാണെന്നും ഹക്കിം കൂട്ടിച്ചേർത്തു.
“അത് പൂർണമായും ഡയറക്ടറുടെയും എഡിറ്ററുടെയും തീരുമാനമാണ്. എന്റെ തന്നെ നാലഞ്ചു സീനുകൾ പോയിട്ടുണ്ട്, എന്ന് കരുതി എനിക്കതിൽ വിഷമിക്കാൻ യാതൊരു അവകാശവുമില്ല. ആ രംഗം വർക്കാവാത്തത് കൊണ്ടായിരിക്കും സംവിധായകൻ അത് കട്ട് ചെയ്തു കളഞ്ഞത്,” ഹക്കിം പറഞ്ഞു. ചിത്രത്തിൽ മോഹൻലാലിന്റെ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയെന്ന ആരാധകരുടെ വിഷമത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് വലിയൊരു മോഹൻലാൽ ആരാധകനായതുകൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും, സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനും രണ്ടര മണിക്കൂറിലധികം വരുന്ന ദൈർഘ്യം ക്രമീകരിക്കുന്നതിനുമായി പല ഭാഗങ്ങളും വെട്ടിമാറ്റേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
