നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിപിഎമ്മുമായി കടുത്ത ഭിന്നതയിലാണ് സിപിഐ. സിപിഎമ്മിന്റെ നയസമീപനങ്ങളാണ് തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണ് സിപിഐയുടെ കുറ്റപ്പെടുത്തല്‍. നിയമസഭാ കക്ഷി ഉപനേതൃസ്ഥാനം ലഭിക്കാത്ത പ്രശ്നത്തില്‍ സിപിഎമ്മുമായി ഇടഞ്ഞ്നില്ക്കുകയുമാണ്. എന്നാല്‍ ഉപനേതൃസ്ഥാനം സിപിഐക്ക് നല്‍കില്ലെന്ന് സിപിഎം നിലപാട് എടുത്തതിനാല്‍ ഈ കാര്യത്തില്‍ സിപിഐക്ക് മുന്നോട്ടുപോകാന്‍ കഴിയുന്നുമില്ല. നിലവില്‍ എല്‍ഡിഎഫില്‍ അസാധാരണമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതുവരെ എല്‍ഡിഎഫ് നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ സാധിച്ചിട്ടുമില്ല. ബജറ്റ് ഉള്‍പ്പെടെ കഴിഞ്ഞിട്ടും ഇത് തന്നെയാണ് അവസ്ഥ.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സിപിഐയുടേത്. ചരിത്രത്തിലില്ലാത്ത നിലപാട് കൂടിയാണിത്. ഈ രീതിയില്‍ സിപിഐ ഇതുപോലെ സിപിഎമ്മുമായി ഉടക്കി നിന്നിട്ടില്ല. ഒരടി മുന്നോട്ട്, രണ്ടടി മുന്നോട്ട് എന്ന നിലപാടാണ് സിപിഐ സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഎമ്മിനാണ് എന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അയയാന്‍ സിപിഐ തയ്യാറായിട്ടില്ല. പരസ്യമായി ഈ ആവശ്യം ഉന്നയിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായം സിപിഐയില്‍ ശക്തമാണ്. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വമാണ് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചത്. ഈ കാര്യത്തില്‍ സിപിഎമ്മിന് കത്തും നല്കി. ഇനി പിന്തിരിയാന് കഴിയില്ലെന്ന നിലപാടിലാണ് സിപിഐ.
സിപിഎം ദുര്‍ബലമായി എന്ന നിലപാട് സിപിഐയിലുണ്ട്. ഇതാണ് ഉപനേതൃസ്ഥാന പദവിയില്‍ പാര്‍ട്ടിയുടെ കടുംപിടുത്തത്തിനു കാരണവും. പ്രതിപക്ഷത്ത് ഐക്യമില്ല. അതുകൊണ്ട് തന്നെ ഭരണത്തെ വിമര്‍ശിക്കാനും കഴിയുന്നില്ല. സിപിഐയും യുഡിഎഫ് വിമര്‍ശനത്തില്‍ പിന്നോട്ടാണ്. ബജറ്റ് വന്നിട്ടുപോലും കാര്യമായ വിമര്‍ശനം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. ഇതുകൊണ്ട് തന്നെ സിപിഎം സംശയത്തിലാണ്. സിപിഐ മറുകണ്ടം ചാടുമോ എന്ന സംശയം സിപിഎമ്മിലുമുണ്ട്. മുന്‍പും കോണ്‍ഗ്രസിന് ഒപ്പം പോയ പാരമ്പര്യം സിപിഐക്കുണ്ട്. സിപിഎമ്മിനെപ്പോലെ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ഒന്നും സിപിഎമ്മിനെ അലട്ടുന്നുമില്ല. എല്‍ഡിഎഫില്‍ ആണെങ്കില്‍ ഭിന്നത രൂക്ഷവുമാണ്.
എല്‍ഡിഎഫില്‍ അവഗണന എന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് എം രംഗത്തുണ്ട്. ഇത് ചൂണ്ടിക്കാട്ടി സിപിഎമ്മിനു കത്ത് നല്കാന് ഒരുങ്ങുകയാണ് മാണി ഗ്രൂപ്പ്. എന്‍സിപിയാണെങ്കില്‍ രണ്ടായി പിളര്‍ന്നിട്ടുമുണ്ട്. ആര്‍ക്കാണ് അംഗീകാരം എന്ന കാര്യത്തില്‍ തീരുമാനത്തിലുമെത്തിയിട്ടില്ല. തോമസ്.കെ.തോമസ്, ശശീന്ദ്രന് പക്ഷങ്ങളും സുരേഷ് ബാബു വിഭാഗവും രണ്ടായി നിലനില്‍ക്കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് കനത്ത തോല്‍വി നേരിടുകയാണെങ്കില്‍ കാര്യങ്ങള്‍ മാറി മറിയും. സിപിഐ മറുകണ്ടം ചാടാന്‍ സാധ്യതകള്‍ ഏറെയാണ്. എന്തായാലും സസൂക്ഷമം സിപിഐ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് സിപിഎം.
