<strong>ഇടുക്കി</strong>: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന് പ്രവര്‍ത്തിച്ച സിപ് ലൈന്‍ ജില്ലാ ഭരണകൂടം പൂട്ടിച്ചു. മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്‍ നടത്തുന്ന ഇരുട്ടുകാനത്തെ സിപ് ലൈനെതിരെയാണ് നടപടി. സംഭവത്തില്‍ സിപ് ലൈന്‍ ഉടമയായിജി കാണിച്ചിട്ടുള്ള ലംബോദരന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷവും നിരോധന ഉത്തരവ് മറികടന്ന് ലംബോദരന്റെ സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.
ദുരന്ത നിവാരണ നിയമം ലംഘിച്ചതിനാണ് നടപടിയെന്ന് ഉത്തരവിലുണ്ട്. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഓഗസ്റ്റ് മൂന്നിനാണ് സിപ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എംഎം ലംബോദരന്റെ ഭാര്യയുടെ പേരിലുള്ള സിപ് ലൈന്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിരിക്കുന്ന ഉത്തരവിലെ നിര്‍ദേശം.
