മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ആർക്കും പരിക്കില്ല.അമിതവേഗത്തിൽ നിയന്ത്രണംവിട്ടെത്തിയ കാർ ഹോസ്റ്റൽ ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ട് പ്രധാനവാതിലിന്റെ തൊട്ടരികിലായി ഇടിച്ചുനിൽക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നയാപ്പള്ളിയിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. ബിസിനസുകാരനായ ബി. മൊഹന്തിയാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അമിതവേഗത്തിലായിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ടാണ് സമീപത്തെ ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറിയത്. സംഭവസമയം ഹോസ്റ്റലിന്റെ ഗേറ്റിനരികിലും പാർക്കിങ് ഏരിയയിലും പ്രധാനവാതിലിനരികെയും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ മൊഹന്തിക്കെതിരേ കേസെടുത്തതായും എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു
