Your Image Description Your Image Description

ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ അതിജീവിത നൽകിയ മൊഴിയിൽ 75-കാരൻ ജയിലിൽ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയിൽ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ പുതിയ മൊഴിയിൽ ആൺസുഹൃത്ത് പ്രതിയായി.

2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇവർ രണ്ടാളും മാത്രമേ വീട്ടിൽ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികൻ ഈ കുടുംബവുമായി അടുപ്പത്തിലായി.

സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂൾ അധികൃതർ ആലപ്പുഴ നോർത്ത് പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ, അവർ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികൻ റിമാൻഡിൽ കഴിയവേ 2023-ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കേസിൽ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നൽകി.

പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി, താൻ നൽകിയ മൊഴി തെറ്റാണെന്ന് കോടതിയിൽ പറഞ്ഞത്. തന്റെ ആൺസുഹൃത്തിനെതിരെ കോടതിയിൽ മൊഴിയും നൽകി. ആൺ സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടിയാണ് വയോധികനെതിരെ മൊഴി നൽകിയതെന്നും കുട്ടി കോടതിയിൽ വെളിപ്പെടുത്തി. ഇതേ തുടർന്ന് കോടതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു.

Related Posts