Your Image Description Your Image Description

വൈദേശിക ആധിപത്യത്തിനെതിരായ കോഴിക്കോടൻ പോരാട്ട വീര്യത്തിൻ്റെയും ഐക്യത്തിൻ്റെയും മതേതരത്വത്തിന്റെയും ചരിത്രപ്രതീകമായ ചാലിയം കോട്ട ഓഗ്മെൻ്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ (ഡിടിപിസി)പദ്ധതി അന്തിമഘട്ടത്തിൽ. ചരിത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ സോഫ്റ്റ്‌വെയറുകളും ത്രീഡി മോഡലുകളും തയ്യാറായിക്കഴിഞ്ഞു. ചാലിയം കടപ്പുറത്ത് സ്ഥാപിക്കുന്ന ഇന്ററാക്ടീവ് സൈൻ ബോർഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്യുന്നതിലൂടെ കോട്ടയിലൂടെ വർച്ച്വൽ യാത്ര നടത്താവുന്ന തരത്തിലാണ് പദ്ധതി. ഇൻ്ററാക്ടിവ് സൈൻ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി ബാക്കിയുള്ളത്.

 

നഗരത്തിലെ സൈൻ ബോർഡുകൾ വിജ്ഞാനപ്രദവും ക്രിയാത്മകവുമായി രൂപകൽപന ചെയ്യണമെന്ന വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച ഡിസൈൻ നയത്തിൻ്റെ ഭാഗമായാണ് കോഴിക്കോട് ഡിടിപിസി ദൗത്യം ഏറ്റെടുത്തത്. ഓഗ്മെൻ്റഡ് റിയാലിറ്റി, ത്രീഡി സാങ്കേതികവിദ്യ എന്നിവയിലൂടെ വിവരണാത്മകവും ഇൻ്ററാക്ടീവുമായ സൈനേജുകൾ ഉപയോഗിച്ചാണ് 450 വർഷങ്ങൾക്കിപ്പുറം കോട്ട അതിന്റെ ചരിത്രം ഉൾപ്പെടെ പുനരാവിഷ്കരിച്ചിരിക്കുന്നത്.

 

കോട്ടയുടെ ത്രീഡി മോഡൽ, ചരിത്രവിവരണങ്ങൾ നൽകുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വീഡിയോകൾ, എആറിലൂടെ പുനരാവിഷ്കരിച്ച കോട്ടയുടെ വാതിൽ തുറന്ന് കോട്ടയിലൂടെ വർച്ച്വൽ നടത്തം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ സന്ദർശകർക്ക് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് തിരഞ്ഞെടുക്കാം. പുരാവസ്തു വകുപ്പിന്റെയും ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഗവേഷണ സംഘം ചരിത്ര രേഖകൾ പരിശോധിച്ചാണ് കോട്ടയുടെ രൂപഘടന തയ്യാറാക്കിയത്. ഇതിൽ നിന്നും കോട്ടയുടെ ത്രീഡി മോഡൽ തയ്യാറാക്കുകയായിരുന്നു.

 

1531- ൽ ചാലിയം പ്രദേശത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാനായി പോർച്ചുഗീസുകാർ പണിതതാണ് ചാലിയം കോട്ട. കോഴിക്കോട്ടെ മൊത്തം വ്യാപാരത്തിൻ്റെ മേൽക്കോയ്മ ലക്ഷ്യം വെച്ചു പണിത കോട്ട കോഴിക്കോട്ടെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ അധികാരത്തിനു നേരെ വെല്ലുവിളിയായി മാറി. ഈ പ്രദേശത്ത് സാമുദായിക സംഘർഷങ്ങൾക്കും കോട്ട കാരണമായതായി ചരിത്രം പറയുന്നു. തുടർന്ന് പോർച്ചുഗീസ് ആധിപത്യത്തിന്റെ അടയാളമായ കോട്ട തകർക്കാൻ സാമൂതിരി തൻ്റെ നാവികസേന തലവൻ കുഞ്ഞാലിമരയ്ക്കാർ മൂന്നാമനെ ചുമതലപ്പെടുത്തി. വർഷങ്ങളോളം നീണ്ട പ്രതിരോധത്തിനൊടുവിൽ, 1571-ൽ കര വഴിയും കടൽ മാർഗവുമുള്ള ശക്തമായ ആക്രമണത്തിലൂടെ സാമൂതിരി സേന കോട്ട പിടിച്ചടക്കി പൂർണമായി നശിപ്പിക്കുകയായിരുന്നു.

 

തന്റെ മുസ്ലിം പ്രജകളുടെ അവകാശം സംരക്ഷിക്കാൻ ഒരു ഹിന്ദു രാജാവ് നിലകൊണ്ടതിൻ്റെ പ്രതീകം കൂടിയാണ് ചാലിയം കോട്ട. കോട്ട പൊളിച്ചതിന്റെ കല്ലുകൾ കൊണ്ടാണ് കുറ്റിച്ചിറയിലെ മിഷ്കാൽ പള്ളി സാമൂതിരി പണിതതെന്ന് ചരിത്രം സൂചിപ്പിക്കുന്നത് പുനരുപയോഗത്തിൻ്റെ മാതൃക കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്

Related Posts