Your Image Description Your Image Description

അതിരപ്പിള്ളി : നേന്ത്രക്കായയ്ക്ക് വിലയിടിഞ്ഞതിനാൽ മലയോരത്തെ വാഴക്കർഷകർ പ്രതിസന്ധിയിൽ. ഒരു വാഴ കുലച്ച് വെട്ടാൻ പാകമാകുമ്പോൾ നിലമൊരുക്കൽ, വളമിടീൽ, കീടങ്ങളുടെ നിയന്ത്രണം, നനയ്ക്കൽ, കാറ്റിൽ ഒടിയാതിരിക്കാൻ തൂണിടൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി 400 രൂപ മുതൽ 450 രൂപ വരെ ചെലവാകും. എന്നാൽ ഇപ്പോഴത്തെ വിലയനുസരിച്ചു 10 കിലോ തൂക്കമുള്ള കുല കൊടുത്താൽ പരമാവധി 250 രൂപ വരെയാണ് കിട്ടുന്നത്.

അതിരപ്പിള്ളിയിലും സമീപപഞ്ചായത്തുകളിലും ഒട്ടേറെ കർഷകരാണ് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഇടത്തിലും വാഴകൃഷി ചെയ്യുന്നത്. മലയോര മേഖലയിൽ ആണെങ്കിൽ മണ്ണിനോടും വന്യമൃഗങ്ങളോടും പ്രകൃതിയോടും പടവെട്ടിയിട്ടാണ് ഓരോ കർഷകനും കൃഷിയിറക്കുന്നത്. വന്യമൃഗശല്യം അതിരൂക്ഷമായ ഈ പ്രദേശങ്ങളിൽ രാത്രിയിൽ ഉറങ്ങാതെ കാവലിരുന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും സോളാർ വൈദ്യുതിവേലി സ്ഥാപിച്ചും ലക്ഷങ്ങൾ മുടക്കിയാണ് ഓരോ കർഷകനും കൃഷി ചെയ്യുന്നത്.

പല കർഷകരും ബാങ്കുകളിൽനിന്ന് വലിയതുക വായ്പ എടുത്താണ് കൃഷി ഇറക്കുന്നതെങ്കിലും നേന്ത്രക്കായയ്ക്ക് വില കുറഞ്ഞതിനാൽ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. ഏഴു ലക്ഷത്തിലേറെ രൂപ ചെലവാക്കി വാഴകൃഷി ചെയ്യുന്നവർവരെ മലയോരത്തുണ്ട്. പലർക്കും പറയാനുള്ളത് കണ്ണീരിൽ കുതിർന്ന ദുരന്തത്തിന്റെ കഥയാണ്. ഈ പ്രതിസന്ധി പരിഹരിക്കുവാൻ അതാത് പഞ്ചായത്തുകളുടെ കീഴിലുള്ള സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, കൃഷിഭവനുകൾ വഴി താങ്ങുവിലയോ കൃഷിക്കാർക്ക് നഷ്ടംവരാത്ത രീതിയിലുള്ള സഹായങ്ങളോ ആണ് കർഷകർ പ്രതീക്ഷിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *