Your Image Description Your Image Description

ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് പതിനായിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തുന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്. വിലാപ യാത്ര 22 മണിക്കൂറിലേക്ക് കടക്കുമ്പോൾ വി എസിനെ ആദ്യമായി നിയമസഭയിലേക്ക് അയച്ച അമ്പലപ്പുഴ കടന്നു. അത്രമേൽ വൈകാരിക കാഴ്ചകളാണ് പിറന്ന നാട്ടിലും വളർന്ന മണ്ണിലും വി എസിന്‍റെ അവസാന യാത്രയിലുടനീളം കാണുന്നത്.

മണിക്കൂറുകളോളം നീണ്ട യാത്രക്കൊടുവിൽ, തനിക്ക് ജന്മമേകി തന്നെ വളർത്തി സഖാവ് വി എസ് ആക്കിമാറ്റിയ സ്വന്തം മണ്ണിലെത്തിയത്. മഴയും വെയിലും അവഗണിച്ച് വിലാപയാത്ര നീങ്ങിയപ്പോള്‍ മണിക്കൂറുകള്‍ കണക്കാക്കിയ ഘടികാര സമയം ബസിനുള്ളിൽ കുടുങ്ങി. തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തുന്നതുവരെ റോഡിനിരുവശങ്ങളും പാർട്ടിസമ്മേളന നഗരിപോലെ ജന നിബിഡമാണ്. സമരം ജീവിതമാക്കിയ മനുഷ്യന്‍റെ അന്ത്യയാത്രയിൽ സാധാരണ ജനങ്ങൾ ഒഴുകിയെത്തുകയാണ്.

Related Posts