വി.ഡി.സതീശന്‍ സര്‍ക്കാര്‍ സ്ഥാനമേറ്റ് ഉടന്‍ തന്നെ വന്ന വിവാദമായിരുന്നു ദേവസ്വം പ്ലീഡര്‍ ആയി കെ.ബി.പ്രദീപിനെ നിയമിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ അഭിഭാഷകനെയാണ് ദേവസ്വം പ്ലീഡര്‍ ആയി നിയമിച്ചത്. നിയമനവിവരം വെളിയില്‍ വന്നപ്പോള്‍ തന്നെ അത് വിവാദവുമായി. കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്നതിന് തുല്യമാണ് ഈ നിയമനമെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി അറിയാതെ ഈ നിയമനം നടക്കില്ലെന്നുള്ള ശ്രുതിയും പുറത്തുവന്നു. കാരണം നിയമമന്ത്രി മുഖ്യമന്ത്രിയായ സതീശന്‍ തന്നെയാണ്. ദേവസ്വം മന്ത്രി കെ.മുരളീധരനും. ഈ രണ്ടുപേരും അറിയാതെ നിയമനം നടക്കില്ല. നിയമനം നടന്ന ശേഷമാണ് വിവാദം തലപൊക്കിയത്.
വെട്ടിലായി എന്ന് മനസിലായ മുഖ്യമന്ത്രി ഉടന്‍ തന്നെ പ്രദീപില്‍ നിന്നും രാജിക്കത്ത് ചോദിച്ചുവാങ്ങി. അപ്പോഴും പ്രദീപിന്റെ നിയമന വിഷയം പുകഞ്ഞ് തന്നെ കിടന്നിരുന്നു. ഇപ്പോള്‍ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ ശുപാര്‍ശ പ്രകാരമാണ് നിയമിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ നിയമന ശുപാര്‍ശ നല്‍കിയത് ദേവസ്വം മന്ത്രി തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ പ്രതികരണവും നിയമനവുമായി യോജിച്ച് പോകുന്നതാണ്. ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ നിയമനം സദുദ്ദേശത്തോടെ ചെയ്തതാണ്. രാജി ആവശ്യപ്പെട്ടത് ഭക്തജനങ്ങള്‍ക്ക് സംശയമുണ്ടായ സാഹചര്യത്തിലാണ് എന്നാണ് മുരളീധരന്‍ പറഞ്ഞത്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ സ്വര്‍ണക്കൊള്ള പുറത്ത് വരുമെന്നുള്ള പ്രതീക്ഷയുണ്ട്, ഈ വക്കീലിനെ വച്ചത് ഞങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നു എന്നുള്ള പരാതിയുമായി ഭക്തജനങ്ങള്‍ വന്നു. പരാതി വ്യാപകമായ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത് എന്നാണ് മുരളീധരന്‍ പറഞ്ഞത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണം നടക്കുകയാണ്. കേസിലെ പ്രതിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ്. അയ്യപ്പന്‍റെ സ്വര്‍ണപ്പാളികള്‍ അവിടെ കൊണ്ടുപോയി ഉരുക്കി സ്വര്‍ണം എടുത്ത ശേഷം വേറെ പാളിയില്‍ സ്വര്‍ണം പൂശലാണ് നടന്നത്. ഇത് അന്വേഷണത്തില്‍ തെളിഞ്ഞ കാര്യമാണ്. കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ല എന്നേയുള്ളൂ. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്. അയ്യപ്പന്‍റെ ഒരു തരി സ്വര്‍ണം പോലും നഷ്ടമായിട്ടില്ലെന്നു പ്രസ്താവന നടത്തിയ അഭിഭാഷകന്‍ കൂടിയാണ് ഈ പ്രദീപ്. ആ പ്രദീപിനെ തന്നെയാണ് ദേവസ്വം സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമനം നല്‍കിയിരിക്കുന്നത്. ഇത് പുറത്തുവന്നപ്പോള്‍ വലിയ വിവാദവുമായി.
നിയമമന്ത്രി താനാണ് എങ്കിലും മന്ത്രി ശുപാര്‍ശ ചെയ്തതുകൊണ്ടാണ് നിയമനം നടത്തിയത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മുരളീധരന്റെ പ്രതികരണം നേര്‍ വിപരീതമായിരുന്നു. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. അതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കൊട്ട് നല്‍കിയത് കെ.മുരളീധരനിട്ട് തന്നെയാണ്. എന്തായാലും ദേവസ്വം പ്ലീഡര്‍ നിയമനത്തില്‍ ചരട് വലിച്ചത് കെ.മുരളീധരന്‍ തന്നെയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
