സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ എട്ടുമണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് വീണ വിജയനെ ചോദ്യം ചെയ്തത്. പിണറായി സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത് വര്‍ഷവും വീണയെ ഇഡി ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യാന്‍ ഇഡി മെനക്കെട്ടില്ല. എന്നാല്‍ ഭരണമാറ്റത്തോടെ ഇഡിക്ക് മുന്നില്‍ വീണയ്ക്ക് നേരിട്ട് ഹാജരാകേണ്ടി വന്നു. എട്ടു മണിക്കൂറാണ് വീണയെ ഇഡി ഗ്രില്‍ ചെയ്തത്. ചോദ്യങ്ങള്‍ എല്ലാം ചോദിച്ച് ഉത്തരങ്ങള്‍ എഴുതി വാങ്ങുന്ന രീതിയാണ് അവലംബിച്ചത്. ഇനിയും വീണയെ വിളിപ്പിക്കും എന്നാണ് ഇഡിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഈ കേസില്‍ എസ്എഫ്ഐഒ രേഖകള്‍ ഇഡിക്ക് ലഭിച്ചിട്ടില്ല. അതുകൂടി പരിശോധിച്ച ശേഷമാകും ഇനിയുള്ള ചോദ്യം ചെയ്യല്‍.
എന്തായാലും വീണ ഇഡിയുടെ റഡാറിലാണ്. സിപിഎമ്മിനെയും പിണറായി വിജയനെയും ആശങ്കപ്പെടുത്തുന്ന കാര്യം കൂടിയാണിത്. വീണയ്ക്ക് നേരെയുള്ള അന്വേഷണം പിണറായിക്ക് നേരെയുള്ള അന്വേഷണമായിട്ട് തന്നെയാണ് പാര്‍ട്ടി കാണുന്നത്. അങ്ങനെയല്ല എന്ന് സിപിഎം പറയുന്നുണ്ടെങ്കിലും പിണറായിയുടെ ഭരണകാലം തന്നെയാണ് വീണയിലൂടെ ഇഡിയ്ക്ക് മുന്നില്‍ എത്തുന്നത്. ഇഡി അന്വേഷിക്കുന്നത് കള്ളപ്പണം വെളുപ്പിച്ച കേസ് കൂടിയാണ്. മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ട് എന്ന് മനസിലാക്കിയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇഡി അന്വേഷണം തടസപ്പെടുത്താന്‍ സിഎംആര്‍എല്‍ കമ്പനി ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചിട്ടില്ല. കോടതി വിധി എതിരായിരുന്നു. അതുകൊണ്ട് തന്നെ ഇഡിക്ക് കേസില്‍ നേരിട്ട് അന്വേഷണം നടത്താം. കേസിലെ എസ്എഫ്ഐഒ രേഖകള്‍ കൂടി ഇഡിക്ക് ലഭ്യമാക്കാന്‍ കോടതി ഉത്ത്രവിട്ടിട്ടുമുണ്ട്.
വെറുമൊരു ആദായ നികുതി കേസ് അല്ല അത്. ആദായനികുതി കേസ് ആണെങ്കില്‍ ഫൈന്‍ അടച്ച് രക്ഷപ്പെടാമായിരുന്നു. ഇത് സാമ്പത്തിക കുറ്റകൃത്യത്തിനുള്ള കേസ് ആണ്. അതായത് കുറ്റം ചെയ്‌താല്‍ ജയില്‍ ശിക്ഷ കൂടി അനുഭവിക്കേണ്ടി വരും. വീണ കുടുങ്ങിയാല്‍ കുടുങ്ങുന്നത് പിണറായി വിജയന്‍ തന്നെയാണ്. എന്തിന്റെ പേരിലാണ് സിഎംആര്‍എല്‍ കമ്പനി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് പണം കൈമാറിയത് എന്ന ഇഡി ചോദ്യത്തിനു തൃപ്തികരമായി മറുപടി നല്‍കാന്‍ വീണയ്ക്ക് ഇന്നലെയും കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. കള്ളപ്പണക്കേസില്‍ അബുദാബിയിലെ അക്കൗണ്ടുകളുടെ പരിശോധന കൂടി ഇഡിയ്ക്ക് മുന്നിലുണ്ട്. ഇതെല്ലാം അന്വേഷണം സങ്കീര്‍ണ്ണവും വ്യാപ്തിയേറിയതുമാണെന്ന അനുമാനം ശക്തിപ്പെടുത്തുന്നു.
കള്ളപ്പണക്കേസ് തെളിയുകയാണെങ്കില്‍ അതില്‍ അറസ്റ്റ് വരും. കേസില്‍ പെട്ടെന്ന് ജാമ്യം കിട്ടാനുള്ള സാധ്യതയുമില്ല. എസ്എഫ്ഐഒയ്ക്ക് കേസ് വിട്ടതോടെ കമ്പനി ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ഈ കേസില്‍ വന്നിട്ടുണ്ട്. സീരിയസ് അന്വേഷണമാണ് കേസില്‍ എസ്എഫ്ഐഒ നടത്തിയത്. ഇതോടെയാണ് മാസപ്പടി കേസില്‍ വീണയ്ക്ക് കുരുക്ക് മുറുകിയത്. കേസ് ശക്തമാകുമെന്ന സൂചന നല്‍കി സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ഡയറക്ടർ ജയ എസ്. കർത്ത എന്നിവരെയും കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാനല്ല നിയമ പോരാട്ടം തുടങ്ങിയത്. ഇതിലെ പ്രധാന പ്രതി പിണറായിയാണ് എന്നാണ് ഈ കേസില്‍ കോടതിയെ സമീപിച്ച ഷോണ്‍ ജോര്‍ജ് പറയുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾ ഈ കേസിന്റെ ഭാഗമാണ്. പിണറായി തന്നെയാണ് ഈ കേസിലെ പ്രധാന പ്രതിയെന്നതിൽ സംശയമില്ലെന്നും ഷോണ്‍ പറയുന്നു. ഇഡി അന്വേഷണം പിണറായിയിലേക്ക് കൂടി എത്താനുള്ള സാധ്യതയാണ് ഷോണിന്‍റെ വാക്കുകളില്‍ തെളിയുന്നത്. അതുകൊണ്ട് തന്നെ കേസ് സിപിഎമ്മിനെയും പിണറായിയെക്കൂടിയും ബാധിക്കുന്നതുമാണ്. എന്തായാലും ഇഡിയുടെ ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണായകമാകും.
