Home » Blog » kerala Max » ആഞ്ഞടിച്ച് ബേബി; കാലിടറി ഗോവിന്ദന്‍; തെറിക്കുമോ സെക്രട്ടറി പദവി
baby

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സിപിഎമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുന്നത്. കേരളത്തിലെ പ്രശ്നങ്ങളില്‍ നേരിട്ടിടപെടാന്‍ മടിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി തന്നെ തോല്‍വിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതും പേര് പറയാതെ വിമര്‍ശനം ഉതിര്‍ക്കുന്നതുമാണ് ശ്രദ്ധേയമാകുന്നത്. പാര്‍ട്ടിയുടെ താഴെതട്ടിലെ വികാരത്തിന് ദേശീയ നേതൃത്വം വരെ ചെവി കൊടുക്കാനും തുടങ്ങിയിരിക്കുന്നു. തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബേബി നടത്തിയ പ്രതികരണമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ ബേബി പറഞ്ഞത്. ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല.

എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈയെടുക്കുന്നതാണ് ശരിയായ രീതിയെന്നാണ് ബേബി വിശദീകരിച്ചത്. ഇത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നേര്‍ക്കുള്ള കടുത്ത വിമര്‍ശനമാണ്.

സിപിഎം കോട്ടയായ തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭാര്യ ശ്യാമള സ്ഥാനാര്‍ഥിയായെങ്കിലും വിമത സ്ഥാനാര്‍ഥിയായ ടി.കെ.ഗോവിന്ദനാണ് ഈ നിയമസഭാ സീറ്റില്‍ വിജയിച്ചത്. സിപിഎമ്മിനുള്ള കടുത്ത ആഘാതമായിരുന്നു ഈ വിധി. കണ്ണൂര്‍ എന്ന സിപിഎം കോട്ടയില്‍ വിമതരായി മത്സരിച്ച രണ്ട് സ്ഥാനാര്‍ഥികളും വിജയിച്ച അന്തരീക്ഷത്തിലാണ് ബേബിയുടെ ഈ കുറ്റപ്പെടുത്തല്‍. തന്നെയും പിണറായിയെയും മാറ്റാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്ന് സിപിഎം യോഗത്തില്‍ എം.വി.ഗോവിന്ദന്‍ തുറന്നു പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തു വന്ന സമയത്ത് തന്നെയാണ് ബേബിയുടെ വിമര്‍ശനവും വന്നത്.

പാര്‍ട്ടി സെക്രട്ടറിയായി ഗോവിന്ദന്‍ തുടരുമോ, അല്ലെങ്കില്‍ തുടരണമോ എന്ന സംശയങ്ങളും ചോദ്യങ്ങളും സിപിഎമ്മിന് അകത്തുതന്നെ സജീവവുമാണ്. കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗവുമായ പി. രാജീവ് തുറന്നടിച്ചത്. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിലാണ് ബേബിയും രാജീവുമൊക്കെ പ്രതികരിച്ചത്. എല്ലാം മാറ്റത്തിനു വിധേയമാണെന്ന് പറഞ്ഞിട്ട് താന്‍ മാറില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല എന്ന് ബേബി പറഞ്ഞതും സഖാക്കള്‍ക്കിടയില്‍ ചര്‍ച്ചയാണ്. സിപിഎം പാര്‍ട്ടി വേദിയില്‍ തിരഞ്ഞെടുപ്പ് തോല്‍വി വലിയ ചര്‍ച്ചയായി മാറുകയാണ്. നേതൃതലത്തില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യം വഴിയേ അറിയാന്‍ കഴിയും.