Your Image Description Your Image Description

ഗാന്ധിനഗർ: വഡോദരയിൽ പാലം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി. പാലം തകർന്ന് 17 പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റോഡ്സ് ആൻഡ് ബിൽഡിംഗ് വകുപ്പിലെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തത്. സംഭവത്തേക്കുറിച്ച് വിലയിരുത്തിയ കമ്മിറ്റിയുടെ നിർദ്ദേശത്തേ തുടർന്നാണ് തീരുമാനം. ഇതിന് പുറമേ സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കും മുഖ്യമന്ത്രി നി‍ർദ്ദേശം നൽകിയിട്ടുണ്ട്.

വഡോദര ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ എൻ എം നായകവാല, ഡെപ്യൂട്ടി എക്സിക്യുട്ടീവ് എൻജിനിയർമാരായ യു സി പട്ടേൽ, ആ‍ർ ടി പട്ടേൽ, അസിസ്റ്റന്റ് എൻജിനിയർ ജെ വി ഷാ എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം സസ്പെൻഡ് ചെയ്തത്. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് വാഹനങ്ങളും നദിയിൽപ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് മഹി സാഗർ നദിയിലേക്ക് വീണത്. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്.

പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും അവഗണിച്ചതാണ് അപകട കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 1985ൽ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങൾ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം.

Related Posts